തൊഴിലുറപ്പ് ഭേദഗതി സംസ്ഥാനങ്ങൾക്ക് മേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കും: മുഖ്യമന്ത്രി
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോക്‌സഭയിൽ പാസാക്കിയത് നീതികരണമില്ലാത്ത ജനവിരുദ്ധതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ ഇതിലൂടെ രാജ്യത്തെ കർഷക, കർഷക തൊഴിലാളി ജനസാമാന്യത്തെ വെല്ലുവിളിക്കുകയാണ്. പദ്ധതിയുടെ പേരും ഘടനയും മാറ്റുന്നത് ഗാന്ധിജിയുടെ ഓർമകളെ പോലും ഭയപ്പെടുന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ്.
സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് യൂണിയൻ ഗവൺമെന്റ് ഒളിച്ചോടി സംസ്ഥാനങ്ങൾക്ക് മേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നതാണ് ഈ ബിൽ. തിരക്കേറിയ കാർഷിക സീസണിൽ 60 ദിവസം വരെ പദ്ധതി മരവിപ്പിക്കാമെന്ന വിപൽക്കരമായ വ്യവസ്ഥ കൂടി ഇതിൽ ഉൾപ്പെടുന്നു. ബിൽ ജെപിസിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനക്ക് വിടണമെന് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം പോലും അംഗീകരിച്ചില്ല
എൻഡിഎ ഘടകക്ഷികൾ തന്നെ ആശങ്ക ഉയർത്തിയിട്ടും വീണ്ടുവിചാരത്തിന് തയ്യാറായില്ല. അധികാരത്തിലെത്തിയ കാലം മുതൽ തൊഴിലുറപ്പ് പദ്ധതിക്കായുള്ള ബജറ്റ് വിഹിതം വെട്ടിക്കുന്നത് അടക്കമുള്ള നടപടികളുമായി പദ്ധതിയെ നിർവീര്യമാക്കാൻ ശ്രമിച്ച എൻഡിഎ സർക്കാർ ഇപ്പോൾ പദ്ധതിയെ തന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു