മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു; സംഭവം പ്രിയദർശിനി യാത്ര ഉദ്ഘാടനത്തിനിടെ
കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി യാത്രയുടെ ഉദ്ഘാടന ചടങ്ങനിനിടെയാണ് സംഭവം.
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങിൽ പായസം വിതരണം ചെയ്തത്. ഈ പായസകപ്പുമായി ബസിൽ നിന്ന ആളുടെ കൈയിൽനിന്ന് അബദ്ധത്തിൽ മന്ത്രിയുടെ തലയിലേക്ക് ഇത് വീണതാകാമെന്നാണ് നിഗമനം. ആരുടെ കൈയിൽനിന്നാണ് പായസം വീണതെന്ന കാര്യം വ്യക്തമല്ല.
തലയിലേക്ക് പായസം വീണയുടനെ ബസിലുണ്ടായിരുന്ന സ്ത്രീകൾ തുണി ഉപയോഗിച്ച് ഇത് തുടച്ചുനീക്കി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ചിന്നക്കട വരെ മന്ത്രി ബസിൽ യാത്ര തുടർന്നു. ചടങ്ങിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നും സുരക്ഷാ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ ബന്ധപ്പെട്ട അധികൃതർ പരിശോധിച്ച് വരികയാണ്.