ചോദ്യം ചെയ്തുവെന്നതിന്റെ പേരിൽ മന്ത്രി കെ ടി ജലീൽ രാജിവെക്കേണ്ടതില്ലെന്ന് സിപിഎം

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്നതിന്റെ പേരിൽ മന്ത്രി കെ ടി ജലീൽ രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ചോദ്യം ചെയ്യപ്പെടുന്നവരെല്ലാം രാജിവെക്കാൻ തുടങ്ങിയാൽ രാജിവെക്കലിന്
 

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്നതിന്റെ പേരിൽ മന്ത്രി കെ ടി ജലീൽ രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ചോദ്യം ചെയ്യപ്പെടുന്നവരെല്ലാം രാജിവെക്കാൻ തുടങ്ങിയാൽ രാജിവെക്കലിന് അവസാനമില്ലാതാകുമെന്ന് പിബി അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് കോടതി വരെ നിരീക്ഷിച്ച സംഭവമുണ്ട്. അതിനാൽ ചോദ്യം ചെയ്തുവെന്നതിന്റെ പേരിൽ രാജിവെക്കേണ്ടതില്ല. കോടതി ശിക്ഷിക്കുകയാണെങ്കിൽ രാജി ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കാം. കേന്ദ്ര ഏജൻസി ഒരാളോട് വിവരങ്ങൾ ആരായുന്നുവെന്നുള്ളത് നിയമവ്യവസ്ഥയുടെ ഭാഗമായിട്ടുള്ള കാര്യമാണെന്ന് എൽ ഡി എഫ്് കൺവീനർ എസ് വിജയരാഘവനും പറഞ്ഞു.

അതേസമയം മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാർമികത അൽപ്പമെങ്കിലുമുണ്ടെങ്കിൽ ജലീൽ മന്ത്രി സ്ഥാനം രാജിവെച്ച് പുറത്തുപോകണം. മന്ത്രി തലയിൽ മുണ്ടിട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ ഹാജരായത്.

തുടർച്ചയായി ക്രിമിനൽ കുറ്റങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. മാർക്ക് ദാനത്തിലൂടെ ക്രിമിനൽ കുറ്റമാണ് അദ്ദേഹം ചെയ്തത്. ഭൂമി വിവാദം വന്നപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു. ഇന്ന് എൻഫോഴ്‌സമെന്റ് ചോദ്യം ചെയ്യൽ വരുന്ന സമയത്തും മുഖ്യമന്ത്രി സംരക്ഷിക്കുകയാണോയെന്ന് ചെന്നിത്തല ചോദിച്ചു