സഭയിൽ മന്ത്രിമാരും ഭരണപക്ഷ എംഎൽഎമാരും സഭ്യേതര പരാമർശങ്ങൾ നടത്തി: വിഡി സതീശൻ
നിയമസഭയിൽ മന്ത്രിമാരും ഭരണപക്ഷ എംഎൽഎമാരും സഭ്യേതര പരാമർശങ്ങൾ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ പരാമർശങ്ങളെല്ലാം സ്പീക്കർ കേട്ടുകൊണ്ടിരുന്നു. സ്പീക്കർ അതിന് കുട പിടിച്ചെന്നും സതീശൻ ആരോപിച്ചു
സഭയിൽ പ്രതിഷേധത്തിന് ശേഷം പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ. സമാധാനപരമായ സമരമാണ് നടത്തിയത്. പക്ഷേ വിൻസെന്റ് എംഎൽഎയെ വാച്ച് ആൻഡ് വാർഡ് തടഞ്ഞുവെച്ചു. അദ്ദേഹത്തിന് ശ്വാസതടസ്സമുണ്ടായി. സനീഷ് കുമാറിന് മുറിവേറ്റു.
സഭ നടത്തി കൊണ്ടുപോകുന്ന സമയത്ത് മന്ത്രിമാരും എംഎൽഎമാരും സഭ്യേതരമായ പരാമർശങ്ങൾ നടത്തി. സഭയിൽ കേട്ടാലറയ്ക്കുന്ന വാക്കുകളാണുണ്ടായത്. പിപി ചിത്തരഞ്ജൻ എംഎൽഎ ഭിന്നശേഷിക്കാരെ അപമാനിച്ചു കൊണ്ടാണ് സംസാരിച്ചത്. മന്ത്രിമാരായ രാജേഷും രാജീവും തുടരെ തുടരെ പ്രതിപക്ഷത്തെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തുകയാണെന്നും സതീശൻ ആരോപിച്ചു