തിരുവനന്തപുരത്ത് മോഷണം ആരോപിച്ച് ആൾക്കൂട്ട ആക്രമണം; പരുക്കേറ്റ യുവാവ് മരിച്ചു, ഓട്ടോ ഡ്രൈവർമാർ അടക്കം അഞ്ച് പേർ പിടിയിൽ

തിരുവനന്തപുരം തിരുവല്ലത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് കൊല്ലപ്പെട്ടു. മൊബൈൽ ഫോണും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവർമാർ ചേർന്ന് മർദിച്ച മുട്ടയ്ക്കാട് സ്വദേശി അജേഷാണ്
 

തിരുവനന്തപുരം തിരുവല്ലത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് കൊല്ലപ്പെട്ടു. മൊബൈൽ ഫോണും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവർമാർ ചേർന്ന് മർദിച്ച മുട്ടയ്ക്കാട് സ്വദേശി അജേഷാണ് മരിച്ചത്.

40000 രൂപയും മൊബൈൽ ഫോണും അജേഷ് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പ്രധാന പ്രതി ജിനേഷിന്റെ നേതൃത്വത്തിൽ അജേഷിനെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദിച്ചത്. നടുറോഡിൽ നിന്നും സംഘം ചേർന്ന് അജേഷിനെ പിടിച്ചു കൊണ്ടുപോയി ജിനേഷിന്റെ വീട്ടിലെത്തിച്ചാണ് മർദിച്ചത്.

ക്രൂരമായ മർദനത്തിന് ശേഷം വെട്ടുകത്തി ചൂടാക്കി യുവാവിന്റെ ജനനേന്ദ്രിയത്തിലും പിൻഭാഗത്തും പൊള്ളലേൽപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഫോൺ കിട്ടാതെ പോയതോടെയാണ് വെട്ടുകത്തി ചൂടാക്കി അജേഷിനെ സംഘം പൊള്ളിച്ചത്. തുടർന്ന് ഇയാളെ വയലിൽ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയാണ് അജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അജേഷ് മരിക്കുന്നത്. അജേഷിന്റെ അയൽവാസിയായ യുവാവ് അടക്കമാണ് അഞ്ച് പേരെ പോലീസ് അറ്‌സറ്റ് ചെയ്തത്.