അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Nov 26, 2025, 15:24 IST
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ശ്രീലങ്കക്കും ഭൂമധ്യരേഖയ്ക്കും സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്-വടക്ക്പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്
തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കും. മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദം സെൻയാർ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് ഇന്തോനേഷ്യയിൽ കരയിൽ പ്രവേശിച്ചു.