{"vars":{"id": "89527:4990"}}

മേയർ സ്ഥാനത്തിന് പണം; തൃശ്ശൂർ ഡിസിസി പ്രസിഡന്റിനെതിരെ വിജിലൻസിൽ പരാതി
 

 

തൃശ്ശൂർ കോർപറേഷൻ മേയറാകാൻ ഡിസിസി പ്രസിഡന്റ് പണം ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ വിജിലൻസിൽ പരാതി. ആലപ്പുഴ സ്വദേശി വിമൽ കെ കെയാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം

ലാലി ജയിംസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പരാതി. മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. കോർപറേഷൻ മേയറാക്കാൻ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പണം ആവശ്യപ്പെട്ടെന്ന് ലാലി ജയിംസ് വെളിപ്പെടുത്തിയിരുന്നു. മേയർ സ്ഥാനത്തിന് മാനദണ്ഡമായത് പണമാണോയെന്നും ലാലി സംശയം പ്രകടിപ്പിച്ചിരുന്നു

അതേസമയം നാല് പ്രാവശ്യം ആർക്കാണ് പെട്ടി കൊടുത്തതെന്ന് ലാലി വ്യക്തമാക്കട്ടെ എന്നായിരുന്നു ജോസഫ് ടാജറ്റിന്റെ മറുപടി. മേയർ ആരാകണമെന്ന് തീരുമാനിച്ചത് പാർട്ടിയാണ്. ലാലിയുടെ പ്രതികരണം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞിരുന്നു