നാല് വയസുകാരനെ കൊന്ന് അമ്മ ജീവനൊടുക്കിയ സംഭവം; രജനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി സൂചന
ഇടുക്കി പണിക്കൻകുടിയിൽ നാല് വയസുകാരനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പണിക്കൻകുടി പറുസിറ്റി പെരുമ്പിള്ളിക്കുന്നേൽ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി, നാല് വയസുകാരൻ മകൻ ആദിത്യൻ എന്നിവരാണ് മരിച്ചത്. രഞ്ജിനിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായാണ് സൂചന
വ്യാഴാഴ്ച വൈകിട്ട് ഷാലറ്റ് ജോലി കഴിഞ്ഞ് എത്തിയപ്പോവാണ് ആദിത്യനെ ജനൽ കമ്പിയിൽ കെട്ടിത്തൂക്കിയ നിലയിലും ഭാര്യ രഞ്ജിനിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ മകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇവർ മൂന്ന് പേർ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
രഞ്ജിനിക്ക് അസുഖവുമായി ബന്ധപ്പെട്ട് മരുന്നുകൾ കഴിക്കുന്നതിനാൽ മാനസികമായി ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. മുമ്പും ഇതിന് മരുന്ന് കഴിച്ചിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. നിലവിൽ ദുരൂഹതകളൊന്നുമില്ലെന്നാണ് പോലീസ് പ്രതികരിക്കുന്നത്.