ഇടുങ്ങിയ മനസ്സ് ദുരന്ത മുഖത്തെങ്കിലും ഒഴിവാക്കണം: മുല്ലപ്പള്ളി കഥയറിയാതെ ആട്ടം കാണുകയാണെന്ന് മുഖ്യമന്ത്രി

കൊവിഡ് കാലത്തും രാഷ്ട്രീയ വിമർശനവുമായി ഇറങ്ങിയ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ശതകോടീശ്വരൻമാരുമായി മാത്രം സർക്കാർ ചർച്ച നടത്തിയെന്ന
 

കൊവിഡ് കാലത്തും രാഷ്ട്രീയ വിമർശനവുമായി ഇറങ്ങിയ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ശതകോടീശ്വരൻമാരുമായി മാത്രം സർക്കാർ ചർച്ച നടത്തിയെന്ന മുല്ലപ്പള്ളിയുടെ വിമർശനത്തിനാണ് മറുപടി.

പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് പ്രമുഖരുമായി ചർച്ച നടത്തിയത്. അതിൽ ശതകോടീശ്വരൻമാരും സാധാരണക്കാരുമുണ്ട്. മുല്ലപ്പള്ളി കഥയറിയാതെ ആട്ടം കാണുകയാണ്. ഇതാണ് നമ്മുടെ സാക്ഷാൽ മുല്ലപ്പള്ളി. അതിന്റെ ഭാഗമായാണ് ഈ പ്രതികരണം. കോൺഗ്രസിന്റെ സ്വരമാണ് അദ്ദേഹത്തിലൂടെ പുറത്തുവരുന്നത്.

ഇന്ത്യക്ക് പുറത്തുള്ള പല പ്രവാസി പ്രമുഖരും ഉണ്ടായിരുന്നു. വീഡിയോ കോൺഫറൻസിംഗ് പറ്റുന്നവരുമായാണ് ചർച്ച നടത്തിയത്. 20 രാജ്യങ്ങളിലെ 40 പേർ കോൺഫറൻസിംഗിൽ പങ്കെടുത്തു. എംഎ യൂസഫലി, രവി പിള്ള ആസാദ് മൂപ്പൻ, മുരളി തുമ്മാരുകുടി, തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.

കേരളത്തോട് സംസാരിക്കാൻ പറ്റാത്തവർ ഇതിൽ ആരാണ്. പ്രവാസികൾക്ക് വേണ്ടി സംസാരിക്കുന്നവരാണ് ഇവർ. ഇതിനെ പോലും അസഹിഷ്ണുതയോടെ കുശുമ്പ് പറയുന്നവരെ കുറിച്ച് എന്താണ് പറയുക. ഇത്രയും ഇടുങ്ങിയ മനസ്സ് ദുരന്ത മുഖത്തെങ്കിലും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.