തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ എംവിഡി ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു
എറണാകുളം തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനു എൻ എസിനെ സസ്‌പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് ഗതാഗത കമ്മീഷണർ ഉത്തരവിട്ടു. ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.
തൃക്കാക്കരയിൽ മത്സ്യവിൽപ്പന നടത്തുകയായിരുന്ന കുടുംബത്തിൽനിന്ന് പിഴ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടുള്ള കാര്യം മനസിലാക്കിയതും പോലീസിനെ വിവരം അറിയിച്ചതും. ഓട്ടോയുമായി ബന്ധപ്പെട്ട് ഒരു പരാതിയുണ്ടെന്ന് ഉദ്യോഗസ്ഥൻ പറയുകയായിരുന്നു. യാത്രക്കാരെ കയറ്റേണ്ട വാഹനത്തിൽ ഗുഡ്‌സ് കയറ്റി എന്നാണ് പരാതിയെന്നും മൂവായിരം രൂപ പിഴയടക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ നാട്ടുകാർ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഇയാൾ മദ്യപിച്ചിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. കൂടാതെ ഇയാൾ യൂണിഫോമിലും ആയിരുന്നില്ല. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മദ്യപിച്ചിട്ടുണ്ടെന്നുള്ള കാര്യം വ്യക്തമായത്.