{"vars":{"id": "89527:4990"}}

എന്‍ ശേഷാദ്രിനാഥിന്റെ നിയമന ശുപാർശ: ഹൈക്കമാന്റ് ഇടപെട്ടു; സംഘപരിവാർ പശ്ചാത്തലമടക്കം പരിശോധിക്കാൻ മുഖ്യമന്ത്രിക്ക് നിർദേശം

 

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍. ശേഷാദ്രിനാഥിനെ നിയമിക്കാനുള്ള ശുപാര്‍ശയുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് ഇടപെടുന്നു. നിയമന ശുപാര്‍ശക്കെതിരെ ഉയർന്നിട്ടുള്ള പരാതികള്‍ അടിയന്തരമായി പരിശോധിക്കാന്‍ മുഖ്യമന്ത്രി വി. ഡി. സതീശന് ഹൈക്കമാന്റ് നിർദേശം നൽകി.

​ശേഷാദ്രിനാഥിന്റെ നിയമന ശുപാർശ പുനപ്പരിശോധിക്കണമെന്നും രാഹുൽ ഗാന്ധി വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പി. എം. നിയാസ് എഐസിസിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാന്റിന്റെ അടിയന്തര ഇടപെടൽ.

​പരാതിയിൽ ഉറച്ചുനിന്ന് പി. എം. നിയാസ്

​നിയമന ശുപാർശക്കെതിരെ താൻ ഉന്നയിച്ച പരാതികളിൽ പൂർണ്ണമായും ഉറച്ചുനിൽക്കുകയാണെന്ന് പി. എം. നിയാസ് വ്യക്തമാക്കി. ശേഷാദ്രിനാഥിന് കൃത്യമായ സംഘപരിവാർ പശ്ചാത്തലമുണ്ടെന്നും, വരാനിരിക്കുന്ന മണ്ഡല പുനർനിർണ്ണയ പ്രക്രിയകളിൽ അദ്ദേഹം സംഘപരിവാറിന് അനുകൂലമായി ഇടപെടാൻ സാധ്യതയുണ്ടെന്നുമാണ് നിയാസിന്റെ പ്രധാന ആരോപണം.

​"കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന പാർട്ടി പ്രവർത്തകരുടെ ആശങ്കയാണ് താൻ പങ്കുവെച്ചത്. ശേഷാദ്രിനാഥ് സാമൂഹ്യമാധ്യമങ്ങളിലൂടെ സംഘപരിവാറിനോട് വിധേയത്വം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ വിവാദം ഉയർന്നതിന് പിന്നാലെ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടി ഒളിച്ചോടാൻ ശ്രമിക്കുകയാണ്. പ്രധാന തസ്തികകളിലെ നിയമനങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി വേണം."

പി. എം. നിയാസ് (കെപിസിസി ജനറൽ സെക്രട്ടറി)

​താൻ ഉന്നയിച്ച ഗൗരവതരമായ ഈ പരാതികൾ ബോധ്യപ്പെടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മുന്നണിയിലും പാർട്ടിയിലും വലിയ അതൃപ്തിക്ക് കാരണമായ ഈ വിഷയം എത്രയും വേഗം ചർച്ച ചെയ്ത് പരിഹരിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ് നേതൃത്വം.