{"vars":{"id": "89527:4990"}}

'നയാ പൈസ വാങ്ങിയിട്ടില്ല; SSK-ക്ക് കിട്ടിയ 92 കോടി പി.എം.ശ്രീ ഫണ്ടല്ല': വി. ശിവൻകുട്ടി

 

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയർന്നുവന്ന ഫണ്ട് വിവാദങ്ങളിൽ വ്യക്തത വരുത്തി മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പി.എം ശ്രീ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ നിന്ന് ഒരു നയാ പൈസ പോലും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതി ഔദ്യോഗികമായി തുടങ്ങാതെ കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിക്കില്ലെന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സമഗ്ര ശിക്ഷാ കേരളം (SSK) പദ്ധതിക്കായി കേന്ദ്ര സർക്കാർ അടുത്തിടെ അനുവദിച്ച 92.41 കോടി രൂപ പി.എം ശ്രീ ഫണ്ടാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം (RTE Act) സംസ്ഥാനത്തിന് നിയമപരമായി ലഭിക്കേണ്ട തുകയാണ്. കേന്ദ്രം തടഞ്ഞുവെച്ചിരുന്ന മുൻവർഷങ്ങളിലെ കുടിശ്ശികയുടെ ഭാഗമായാണ് ഈ തുക അനുവദിച്ചത്.

​ഇടതുപക്ഷ സർക്കാർ പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് രേഖാമൂലം കേന്ദ്രത്തെ അറിയിച്ചിരുന്നതാണെന്നും ആ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും മുൻ മന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്റെ കടുത്ത നിബന്ധനകൾ കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ മതേതര സ്വഭാവത്തെ തകർക്കുന്നതാണെന്നതിനാലാണ് പദ്ധതി വേണ്ടെന്നുവെച്ചത്. എൽ.ഡി.എഫ് വേണ്ടെന്ന് വെച്ച ഈ പദ്ധതി നടപ്പാക്കാൻ ഇപ്പോൾ ധൃതികൂട്ടുന്നവർ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും വി. ശിവൻകുട്ടി കുറ്റപ്പെടുത്തി.