കുട്ടനാട് സീറ്റിൽ മാണി സി കാപ്പനെ മത്സരിപ്പിക്കാൻ നീക്കം നടത്തി ശശീന്ദ്രൻ പക്ഷം; എൻസിപിയിൽ സമവായ ചർച്ച തുടരുന്നു

പാലാ സീറ്റിനെ ചൊല്ലി മുന്നണി മാറ്റമെന്ന ആവശ്യം എൻസിപിയിൽ ശക്തമാകവെ മാണി സി കാപ്പൻ വിഭാഗത്തെ അനുനയിപ്പിക്കാനുള്ള അവസാന വട്ട ശ്രമവുമായി എ കെ ശശീന്ദ്രൻ വിഭാഗം.
 

പാലാ സീറ്റിനെ ചൊല്ലി മുന്നണി മാറ്റമെന്ന ആവശ്യം എൻസിപിയിൽ ശക്തമാകവെ മാണി സി കാപ്പൻ വിഭാഗത്തെ അനുനയിപ്പിക്കാനുള്ള അവസാന വട്ട ശ്രമവുമായി എ കെ ശശീന്ദ്രൻ വിഭാഗം. മാണി സി കാപ്പനെ കുട്ടനാട്ടിൽ മത്സരിപ്പിക്കാനാണ് നീക്കം. കേന്ദ്ര നേതൃത്വത്തിലുൾപ്പെടെ എ കെ ശശീന്ദ്രൻ വിഭാഗം സമ്മർദം ശക്തമാക്കി.

പാലാ സീറ്റ് തർക്കം പരിഹരിച്ച് ഇതുവഴി എൽഡിഎഫിൽ തന്നെ തുടരാമെന്നാണ് ശശീന്ദ്രൻ പക്ഷം കരുതുന്നത്. അതേസമയം പാലാ സീറ്റ് അഭിമാന പ്രശ്‌നമാണെന്നാണ് മാണി സി കാപ്പന്റെ നിലപാട്.

മുഖ്യമന്ത്രിയും എൽഡിഎഫ് നേതാക്കളും വഴി ചർച്ച നടത്തി മാണി സി കാപ്പനെ അനുനയിപ്പിക്കാനാണ് നീക്കം. കുട്ടനാട് സീറ്റിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചിരിക്കുന്ന തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിനോടും ശശീന്ദ്രൻ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. എൽഡിഎഫിൽ തുടരാൻ വിട്ടുവീഴ്ച്ചക്ക് തയ്യാറാണെന്ന് തോമസ് കെ തോമസും വ്യക്തമാക്കിയിട്ടുണ്ട്.