{"vars":{"id": "89527:4990"}}

മുന്നണി മാറ്റ ചർച്ചകൾ തകൃതി; കേരളാ കോൺഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്
 

 

മുന്നണി മാറ്റ ചർച്ചകൾ നടക്കുന്നതിനിടെ കേരളാ കോൺഗ്രസ് എമ്മിന്റെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ 11 മണിക്ക് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസാണ് യോഗം നടക്കുന്നത്. ആരൊക്കെ യോഗത്തിൽ പങ്കെടുക്കുമെന്നതിലും അവ്യക്തത നിലനിൽക്കുന്നുണ്ട്. 

നിലവിൽ നടക്കുന്ന മുന്നണി മാറ്റ ചർച്ചകൾ തന്നെയാകും യോഗത്തിലെ മുഖ്യ അജണ്ട. കഴിഞ്ഞ ദിവസം ജോസ് കെ മാണി മുന്നണി മാറ്റമെന്ന അഭ്യൂഹം തള്ളിയെങ്കിലും അണികളിൽ ആശയക്കുഴപ്പം തുടരുകയാണ്. മുന്നണി മാറുകയാണെങ്കിൽ റോഷി അഗസ്റ്റിൻ അടക്കം എല്ലാ നേതാക്കളെയും ഒന്നിച്ച് യുഡിഎഫിലെത്തിക്കാനാണ് നീക്കം

ജില്ലാ കമ്മിറ്റികളെയെല്ലാം ഒപ്പം നിർത്താനുള്ള നീക്കവും തുടരുകയാണ്. അതേസമയം റോഷി അഗസ്റ്റിൻ മുന്നണി മാറ്റത്തോട് യോജിക്കാനിടയില്ല. റോഷി ഇക്കാര്യത്തിൽ നേരത്തെ തന്നെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ജോസ് കെ മാണിക്ക് പ്രചരിക്കുന്നത് അഭ്യൂഹമാണെന്ന തരത്തിൽ പ്രതികരിച്ച് രംഗത്തുവരേണ്ടി വന്നതെന്നാണ് വിവരം