അടുത്ത സിറ്റിങ് നിർണായകം; റഹീമിന്റെ മോചനം വൈകുന്നതില്‍ വിശദീകരണവുമായി നിയമസഹായ സമിതി
Apr 16, 2025, 08:10 IST
റഹീമിന്റെ മോചനം വൈകുന്നതില്‍ വിശദീകരണവുമായി നിയമസഹായ സമിതി. കേസിനെക്കുറിച്ചുളള വിമര്‍ശനങ്ങള്‍ക്ക് സമിതി മറുപടി നല്‍കി. കേസ് പതിനൊന്ന് തവണ മാറ്റിവെച്ചതിന്റെ രേഖകള്‍ യോഗത്തില്‍ ഹാജരാക്കി. അവസാനം കേസ് പരിഗണിച്ചപ്പോള്‍ കോടതി കേസ് ഫയല്‍ ആവശ്യപ്പെട്ടെന്നും ജയിലില്‍ നിന്ന് ഫയല്‍ കോടതിയിലെത്തിയെന്നും നിയമസഹായ സമിതി വ്യക്തമാക്കി. കേസിന്റെ അടുത്ത സിറ്റിംഗ് നിര്‍ണ്ണായകമാണ്. മെയ് 5 ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30-നാണ് അടുത്ത സിറ്റിംഗ്. കേസ് ഫയല്‍ പരിശോധന പൂര്‍ത്തിയായാല്‍ കോടതി വിധി പറഞ്ഞേക്കും. പതിനൊന്ന് തവണയാണ് സിറ്റിംഗ് നടത്തി കേസ് മാറ്റിവെച്ചത്. ഏതൊക്കെ തീയതികളിലാണ് സിറ്റിംഗ് നടന്നത് എന്നും സിറ്റിംഗില്‍ കോടതിയില്‍ നടന്നിട്ടുളള എല്ലാ വ്യവഹാരങ്ങളെക്കുറിച്ചുമുളള കൃത്യമായ ഡോക്യുമെന്റഡ് റിപ്പോര്‍ട്ട് ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിലുണ്ടായിട്ടുളള വലിയ പ്രചാരണം സിറ്റിംഗ് നടക്കുന്നില്ല, കോടതിയില്‍ ഡോക്യുമെന്റേഷനില്ല, അതിന്റെ രേഖകള്‍ കാണിക്കുന്നില്ല എന്നിങ്ങനെയാണ്. കഴിഞ്ഞ 1 മുതല്‍ 11 വരെ നടന്നിട്ടുളള സിറ്റിംഗുകളുമായി ബന്ധപ്പെട്ടുളള രേഖകള്‍ ഞങ്ങളുടെ കൈവശമുണ്ട്. എന്തെങ്കിലും ഒരു ഡോക്യുമെന്റ് പുറത്തുപോയി അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അത് വരും നാളുകളില്‍ റഹീമിന്റെ മോചനത്തെ ബാധിക്കരുത് എന്ന നല്ല ഉദ്ദേശത്തിലാണ് വിവരങ്ങള്‍ രഹസ്യമാക്കി വെച്ചത്', നിയമസഹായ സമിതി കൂട്ടിച്ചേര്‍ത്തു. സൗദി പൗരന്റെ മകന്‍ കൊല്ലപ്പെട്ട കേസിലാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുള്‍ റഹീം സൗദി ജയിലില്‍ കഴിയുന്നത്. 2006-ലാണ് റഹീം അറസ്റ്റിലായത്. കേസില്‍ കൊല്ലപ്പെട്ട ബാലന്റെ ബന്ധുക്കള്‍ ദയാദനം വാങ്ങി ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നു. പണം കൈമാറുകയും ചെയ്തു. എന്നാല്‍ സൗദി ഭരണകൂടത്തിന്റെ അനുമതി വേണ്ടിവരും. കേസില്‍ വധശിക്ഷ ഒഴിവായാലും തടവ് ശിക്ഷ റഹീം അനുഭവിക്കേണ്ടിവരും. അതില്‍ പരമാവധി ലഭിക്കാവുന്ന തടവ് കാലാവധി ഇതിനകം റഹീം അനുഭവിച്ചതിനാല്‍ ഉടന്‍ മോചനമുണ്ടാകുമെന്നാണ് സൂചന. തിങ്കളാഴ്ച്ച രാവിലെ സിറ്റിംഗ് നടന്നെങ്കിലും കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുന്നതിനും വിവിധ വകുപ്പുകളില്‍ നിന്നുളള വിവരങ്ങള്‍ ലഭ്യമാകാനുമാണ് കേസ് മാറ്റിവെച്ചത്.