ഹൗസ് സർജൻമാരുടെ രാത്രി ഡ്യൂട്ടി റദ്ദാക്കും; പ്രധാന ആശുപത്രികളിൽ പോലീസ് ഔട്ട് പോസ്റ്റ്
 

 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പിജി വിദ്യാർഥികൾ, ഹൗസ് സർജൻമാർ എന്നിവരുന്നയിച്ച പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. പിജി വിദ്യാർഥികൾ, ഹൗസ് സർജൻമാർ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം

സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതുവരെ ഹൗസ് സർജൻമാർക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കുക, ആഴ്ചയിൽ ഒരു ദിവസത്തെ അവധി കൃത്യമായി അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ സർക്കാർ തത്വത്തിൽ അംഗീകരിച്ചു. വാർഡുകളിൽ കൂട്ടിരിപ്പുകാർ ഒരാൾ മാത്രമേ പാടുള്ളു. അത്യാഹിത വിഭാഗത്തിൽ രണ്ട് പേരെ മാത്രമേ അനുവദിക്കൂ

കമ്മിറ്റി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. മെഡിക്കൽ റസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളിൽ പോകുന്നവർക്കായി ഉടൻ തന്നെ എസ് ഒ പി പുറത്തിറക്കും. ഹൗസ് സർജൻമാരുടെ പ്രശ്‌നങ്ങളും കമ്മിറ്റി പരിശോധിക്കും. 

പ്രധാന ആശുപത്രികളിൽ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. മറ്റിടങ്ങളിൽ പോലീസ് നിരീക്ഷണമുണ്ടാകും. ആശുപത്രികളിൽ സിസിടിവി ക്യാമറ ഉറപ്പാക്കും.