{"vars":{"id": "89527:4990"}}

ഏഴാമതും നിപ സ്ഥിരീകരിച്ച് കേരളം; കൂടുതൽ മരണങ്ങൾ ഉണ്ടായത് 2018-ൽ

 

പല വികസിത രാജ്യങ്ങളോടും ചേർന്നുനിൽക്കുന്നതാണ് കേരളത്തിന്റെ പൊതു - സ്വകാര്യ ആരോഗ്യ മേഖലകൾ. എന്നാൽ അത്തരം വികസിത രാജ്യങ്ങളുടെ സമ്പത്തോ പ്രതാപമോ ഒന്നും ഇല്ലാത്ത ഒരു ചെറിയ സംസ്ഥാനം എങ്ങനെയാണ് അവരേക്കാൾ മികച്ച രീതിയിൽ ആരോഗ്യ പ്രതിസന്ധികൾ മറികടക്കുന്നത് എന്നത് ഏറെ പ്രധാനമാണ്. പല പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും ഭീതിജനകമായ ഒന്നായിരുന്നു നിപ വൈറസ്. 

വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന, ഉയർന്ന മരണനിരക്കുള്ള ഈ വില്ലൻ വൈറസ് 2018-ലാണ് ആദ്യമായി കേരളത്തിൽ പിടിമുറുക്കുന്നത്. പിന്നീടും പല വർഷങ്ങളിൽ നിപയുടെ സാന്നിധ്യം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു.  2018 മുതൽ ഇന്നുവരെ ഏഴ് വർഷങ്ങളിൽ കേരളത്തിൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് പ്രധാനമായും രോഗബാധ സ്ഥിരീകരിച്ചത്. 2020, 2022 വർഷങ്ങളിൽ മാത്രമാണ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നത്. ഏറ്റവും ഒടുവിൽ കോഴിക്കോട് ജില്ലയിലെ ഫറൂഖിലാണ് അവസാന കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വർഷം ബാധിച്ച പ്രദേശം/ ജില്ല കേസുകൾ മരണം
2018 കോഴിക്കോട്, മലപ്പുറം 23 21
2019 എറണാകുളം 1 0
2021 കോഴിക്കോട് 1 1
2023 കോഴിക്കോട് 6 2
2024 മലപ്പുറം 2 2
2025 മലപ്പുറം, പാലക്കാട് 4 2
2026 കോഴിക്കോട് (ഫറൂഖ്) 1

കേരളം പഠിച്ചതും ലോകത്തിന് വഴികാണിച്ചതും

ആദ്യത്തെ തവണ നിപ വൈറസ് ബാധ കേരത്തിന്റെ ആരോഗ്യ രംഗത്ത് പെട്ടെന്നുള്ള ഒരു ഞെട്ടലുണ്ടാക്കി എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ വളരെ പെട്ടെന്ന് തന്നെ സംസ്ഥാനം ഉണർന്ന് പ്രവർത്തിക്കുകയും രോഗ വ്യാപനത്തെ പ്രതിരോധിക്കുകയും ചെയ്തു. പിന്നീട് വൈറസ് ബാധ റിപ്പോർട്ട് ചെയ്തപ്പോഴെല്ലാം അതിനെ ശാസ്ത്രീയമായി നേരിടാൻ കേരളം സജ്ജമായിരുന്നു.

1. 'റൂട്ട് മാപ്പും' സമ്പർക്കപ്പട്ടികയും

നിപയുടെ വ്യാപനം തടയാനുള്ള ഏറ്റവും മികച്ച മാർഗ്ഗം രോഗബാധിതനായ വ്യക്തിയുടെ 'റൂട്ട് മാപ്പ്' തയ്യാറാക്കലാണ്. രോഗി എവിടെയൊക്കെ പോയി, ആരുമായൊക്കെ സമ്പർക്കം പുലർത്തി എന്ന് കണ്ടെത്തി അവരെ കൃത്യമായി ക്വാറന്റൈൻ ചെയ്യുക വഴി വൈറസിന്റെ വ്യാപനം തടയാൻ സംസ്ഥാനത്തിന് സാധിച്ചു.

2. ഹെൽത്ത് കെയർ പ്രോട്ടോക്കോൾ 

മരണപ്പെട്ട നഴ്സി ലിനി അടക്കം ഭൂരിപക്ഷം പേർക്കും 2018-ൽ വൈറസ് ബാധയുണ്ടായത് ആശുപത്രികളിൽ. അതിൽ നിന്ന് പാഠം ഉൾക്കൊണ്ട്, സംശയാസ്പദമായ ലക്ഷണങ്ങളോടെ എത്തുന്ന രോഗികളെ കൈകാര്യം ചെയ്യാൻ പ്രത്യേക 'ഐസൊലേഷൻ പ്രോട്ടോക്കോൾ' രൂപീകരിച്ചു. പിപിഇ കിറ്റുകളുടെയും മാസ്കുകളുടെയും ഉപയോഗം നിർബന്ധമാക്കി. ഭയമല്ല, ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതാണ് നിപ പ്രതിരോധത്തിലെ ഏറ്റവും വലിയ വിജയം.

3. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി

രോഗനിർണ്ണയത്തിനായി മുൻപ് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെ മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ 2018-ലെ നിപയ്ക്ക് ശേഷം കേരളത്തിൽ സ്വന്തമായി 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി' സ്ഥാപിതമായി. ഇത് രോഗം വേഗത്തിൽ തിരിച്ചറിയാനും പ്രതിരോധം ശക്തമാക്കാനും സഹായിച്ചു.

4. വന്യജീവി സമ്പർക്കത്തിലെ ജാഗ്രത

വവ്വാലുകൾ കടിച്ചുപേക്ഷിച്ച പഴങ്ങൾ കഴിക്കാതിരിക്കുക, വവ്വാലുകളുടെ ആവാസവ്യവസ്ഥകളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക തുടങ്ങിയ ബോധവൽക്കരണങ്ങൾ വഴി പ്രകൃതിയിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് എത്തുന്ന സാഹചര്യം ഒരുപരിധി വരെ കുറയ്ക്കാൻ സാധിച്ചു.

കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും, എന്തുകൊണ്ട് കേരളത്തിൽ മാത്രം എല്ലാ വർഷവും ഇത്തരത്തിൽ നിപ വൈറസ് ബാധയുണ്ടാകുന്നു എന്നതിന്റെ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം വൈറസ് ബാധകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതാണോ എന്ന ചോദ്യവും പൊതുസമൂഹം ഉയർത്തുന്നുണ്ട്.