അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം: അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്തു
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്തു. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് റിമാൻഡിലായത്.
നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് പ്രതികളെ സൈബർ പൊലീസ് സംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും സിമ്മുകളും ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. ഇൻസ്റ്റന്റ് ഫണ്ട്സ് എന്ന ലോൺ ആപ്പ് നടത്തിപ്പുകാരാണ് അറസ്റ്റിലായ പ്രതികൾ.
അടിയന്തരമായി 8000ലധികം രൂപ അടയ്ക്കണമെന്ന് ലോൺ മാഫിയ സംഘം നിതിന് സന്ദേശം അയച്ചതിന് മറുപടിയായി താൻ പാവമാണെന്നാണ് നിതിന്‍ അയച്ച ചാറ്റും പൊലീസ് ലഭിച്ചു. ഓൺലൈൻ ലോൺ ആപ്പ് സംഘം നിതിന്‍റെ അധ്യാപികക്കും ഭീഷണി സന്ദേശം അയച്ചിരുന്നതായും വിളിച്ച് ഭീഷണിപ്പെടുതുകയും ചെയ്തതായും പൊലീസ് പറയുന്നു. ഇതേ തുടർന്ന് അധ്യാപിക പ്രിൻസിപ്പിലിന് പരാതിയും നൽകി. നിതിൻ ആത്മഹത്യ ചെയ്ത ദിവസം പ്രിൻസിപ്പൽ നിധിനെ റൂമിലേക്ക് വിളിപ്പിച്ചിരുന്നതായും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
അതേസമയം, ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തത് വീട്ടില്‍ അറിഞ്ഞാണെന്നും അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് പണം എടുത്തതെന്നും നിതിന്‍റെ അച്ഛന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോൺ മാഫിയയുടെ ഭീഷണിയെ കുറിച്ച് കോളേജ് അധികൃതര്‍ കുടുംബത്തെ അറിയിച്ചില്ലെന്നും നിതിന്‍റെ അച്ഛന്‍ പറഞ്ഞിരുന്നു.