{"vars":{"id": "89527:4990"}}

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് നടത്തിപ്പുകാരെ നോയിഡയില്‍ നിന്ന് പിടികൂടി പൊലീസ്

 

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി. നോയിഡയില്‍ നിന്നാണ് ആപ്പ് നടത്തിപ്പുകാരെ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്.

ഇന്‍സ്റ്റന്റ് ഫണ്ട്‌സ്' എന്ന ലോണ്‍ ആപ്പ് നടത്തിപ്പുകാരായ ഉത്തര്‍പ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവല്‍(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം ആപ്പിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നിതിന്‍ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് എഫ്ഐആര്‍. മാനസികമായി പീഡിപ്പിച്ചു എന്നും എഫ്ഐആറിലുണ്ട്. ചക്കരക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ലോണ്‍ ആപ്പില്‍ നിന്ന് അധ്യാപികയായ ലതയ്ക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നു. തുടര്‍ന്ന് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ചേംബറില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.

തൊട്ടുപിന്നാലെയായിരുന്നു നിതിന്‍ ആത്മഹത്യ ചെയ്തത്. നിതിനെ ചോദ്യം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ആത്മഹത്യയില്‍ ലോണ്‍ ആപ്പിന് പങ്കുണ്ടെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. നിതിന്റെ ആത്മഹത്യയ്ക്ക് ശേഷം ലത സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. ഈ പരാതി സൈബര്‍ സെല്ല് ചക്കരക്കല്ല് പൊലീസിന് കൈമാറുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.

15,000 രൂപയാണ് നിതിന്‍ ആപ്പില്‍ വഴി ലോണ്‍ എടുത്തത്. തിരിച്ചടവ് മുടങ്ങിയതിനാല്‍ ആപ്പില്‍ നിന്നും സമ്മര്‍ദമുണ്ടായെന്ന് എഫ്ഐആറില്‍ സൂചിപ്പിക്കുന്നു. അതേസമയം നിതിന്റെ മരണത്തില്‍ ആദ്യം കേസെടുത്ത ഡോ. എം കെ റാം, സംഗീത എന്നിവര്‍ ഒളിവിലാണ്. ഇരുവരെയും നേരത്തെ തന്നെ കോളേജ് സസ്പെന്‍ഡ് ചെയ്തിരുന്നു. റാമിനെ മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.

ഏപ്രില്‍ പത്തിനാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യം കാണിച്ചിരുന്നു. കോളേജില്‍ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് കുട്ടി വീട്ടില്‍ പറയുകയും കുറച്ചുനാള്‍ വീട്ടില്‍ വന്ന് നില്‍ക്കുകയും ചെയ്തിരുന്നു.

മരിച്ച ദിവസം രാവിലെ 11 മണിയ്ക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടന്‍ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം ആരോപിച്ചിരുന്നു.