{"vars":{"id": "89527:4990"}}

നിതിനെ ഓൺലൈൻ വായ്പാ സംഘം ഭീഷണിപ്പെടുത്തിയതായി പോലീസ്; നിർണായക ചാറ്റുകൾ കണ്ടെത്തി

 

ജീവനൊടുക്കിയ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ഓണ്‍ലൈന്‍ ലോണ്‍ മാഫിയ സംഘത്തില്‍ നിന്നും ഭീഷണി നേരിട്ടതിന്റെ തെളിവുകള്‍ പുറത്ത്. അടിയന്തരമായി പണം അക്കണമെന്ന് വായ്പാ സംഘം ആവശ്യപ്പെടുമ്പോള്‍ താന്‍ പാവമാണെന്ന് നിതിന്‍ മറുപടി പറഞ്ഞെന്നും ആ ചാറ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു.

19,000 രൂപയാണ് നിതിന്‍ തിരിച്ചടക്കേണ്ടിയിരുന്നത്. തുക അടക്കാന്‍ ആവശ്യപ്പെടുമ്പോള്‍ താന്‍ പാവമാണെന്നാണ് നിതിന്‍ മറുപടി അയച്ചത്. എങ്കില്‍ 1000 രൂപ ഉടന്‍ അയച്ച് സ്‌ക്രീന്‍ഷോര്‍ട്ട് കൈമാറണമെന്നും 18,218 രൂപ ചൊവ്വാഴ്ച രാവിലേയ്ക്കകം അയക്കണമെന്നുമാണ് പറയുന്നത്. ഇതാണ് നിങ്ങള്‍ക്കുള്ള അവസാന അവസരമെന്നും നിതിന് വായ്പാ സംഘം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തുടര്‍ന്ന് നിതിന്‍ പണം അടയ്‌ക്കേണ്ട അക്കൗണ്ട് വിവരങ്ങളും ചോദിക്കുന്നുണ്ട്.

നിതിന്റെ അധ്യാപികയ്ക്കും ഓണ്‍ലൈന്‍ മാഫിയ സംഘം ഭീഷണിസന്ദേശം അയച്ചിട്ടുണ്ട്. തുടര്‍ന്ന് അധ്യാപിക പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയും നിതിനെ പ്രിന്‍സിപ്പാള്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു. ലോണ്‍ തുക അടക്കാന്‍ നിതിനോട് പറയണമെന്നാണ് അധ്യാപികയ്ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. തുക അടച്ചില്ലെങ്കില്‍ റഫറന്‍സ് ലിസ്റ്റില്‍ നിന്നും താങ്കളുടെ പേര് നീക്കാന്‍ ആവശ്യപ്പെടണം. അല്ലാത്തപക്ഷം നിരന്തരം വായ്പ തിരിച്ചടവ് സംബന്ധിച്ച് നിരന്തരം ഫോണ്‍ കോളുകളും സന്ദേശങ്ങളും വരും എന്നും അതിലുണ്ട്.

അതേസമയം ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ച് അധ്യാപകര്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നില്ലെന്നാണ് നിതിന്റെ അച്ഛന്‍ പറയുന്നത്.

വീട്ടുകാരുടെ അറിവോടെ അമ്മയുടെ ചികിത്സാ ചിലവിനായാണ് ഓണ്‍ലൈന്‍ ആപ്പ് വഴി പണം കടം എടുത്തതെന്നും ആ പണം മുഴുവന്‍ തിരിച്ചടച്ചിരുന്നെന്നും രാജന്‍ വ്യക്തമാക്കി. അധ്യാപികക്ക് ലോണ്‍ ആപ്പില്‍ നിന്നും ഭീഷണി വന്നിട്ടുണ്ടെങ്കില്‍ അത് രക്ഷിതാക്കളെ അറിക്കണമായിരുന്നു. അനാവശ്യകാര്യങ്ങള്‍ക്ക് പണം ചിലവാക്കുന്ന സ്വഭാവക്കാരനല്ല നിതിനെന്നും രാജന്‍ വ്യക്തമാക്കി.