അവധി അപേക്ഷയിൽ തീരുമാനമായില്ല; ചട്ടങ്ങൾ കാറ്റിൽപ്പറത്തി സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് മെഡിക്കൽ കോളജ് ഡോക്ടർ; ചിത്രം സഹിതം പരസ്യം
കോഴിക്കോട്: ദീർഘകാല അവധി അപേക്ഷയിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് തന്നെ ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ആരംഭിച്ച് കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ. മെഡിക്കൽ കോളജിലെ അസിസ്റ്റന്‍റ് പ്രൊഫസറായ ഡോ. വൈശാഖ് സി. എൻ ആണ് ഗുരുതരമായ നിയമലംഘനം നടത്തിയിരിക്കുന്നത്. കോഴിക്കോട് നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഡോക്ടറുടെ ചിത്രം സഹിതം നൽകിയാണ് നിലവിൽ പരസ്യം ചെയ്യുന്നത്.
മറ്റ് അവധികൾ മാറിമാറി എടുത്താണ് ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തുന്നത്. സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപകർക്കും ഡോക്ടർമാർക്കും വീട്ടിൽ പോലും സ്വകാര്യ പ്രാക്ടീസ് നടത്താൻ പാടില്ലെന്ന കർശന നിയമം നിലനിൽക്കെയാണ് ഈ പരസ്യമായ ചട്ടലംഘനം.
വിവരവകാശ രേഖകൾ പുറത്ത്:
വിവരവകാശ നിയമപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജ് നൽകിയ മറുപടി അനുസരിച്ച്, 2020 ഒക്ടോബർ 27 മുതൽ ഡോ. വൈശാഖ് ഇവിടെ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്തു വരികയാണ്. നിലവിൽ ശമ്പളമില്ലാത്ത അവധിക്ക് (LWA) ഇദ്ദേഹം അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും, എന്നാൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി കോളജ് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നുമാണ് മറുപടിയിൽ പറയുന്നത്.
എന്നാൽ ഈ വിശദീകരണങ്ങളെല്ലാം തള്ളുന്നതാണ് പുറത്തുവന്ന സ്വകാര്യ ആശുപത്രിയുടെ പരസ്യങ്ങൾ. ആശുപത്രിയിൽ ബന്ധപ്പെടുന്ന രോഗികൾക്ക് ഡോ. വൈശാഖിൻ്റെ ഒപി ബുക്കിങ്ങും ലഭ്യമാണ്.
ഡോക്ടറുടെ വിശദീകരണം:
താൻ ദീർഘകാല അവധിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും, അഥവാ അവധി അനുവദിച്ചില്ലെങ്കിൽ ജോലി രാജിവെക്കുമെന്നുമാണ് ഡോക്ടറുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.
സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ കർശന നിലപാടുള്ള സാഹചര്യത്തിൽ, ഈ വിഷയത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഇനി എന്ത് നടപടി സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.