പി പി ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനില്ല; ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്തില്ല
Oct 30, 2024, 14:39 IST
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനില്ല. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യാതെ പിരിഞ്ഞു. നാളെ മുതൽ പാർട്ടി ഏരിയാ സമ്മേളനങ്ങൾ തുടങ്ങുന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച കാര്യങ്ങളാണ് ചർച്ചയായത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ നീക്കിയിരുന്നുവെങ്കിലും സംഘടനാ നടപടി സ്വീകരിച്ചിരുന്നില്ല. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് തന്നെ ദിവ്യക്കെതിരായ നടപടിയായി ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്. സമ്മേളന കാലത്ത് നടപടി വേണ്ടെന്നാണ് പൊതുവികാരം ഇന്നലെ ദിവ്യ പോലീസിൽ കീഴടങ്ങാനെത്തിയപ്പോഴും പാർട്ടി പ്രവർത്തകർ ഒപ്പമുണ്ടായിരുന്നു. പോലീസ് ദിവ്യയുമായി മജിസ്‌ട്രേറ്റിന്റെ വസതിയിൽ എത്തിയപ്പോഴും പിന്തുണയുമായി മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ പ്രവർത്തകർ എത്തിയിരുന്നു.