{"vars":{"id": "89527:4990"}}

കീഴടങ്ങാൻ ഉദ്ദേശ്യമില്ല: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ
 

 

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിനായി അഡ്വ. എസ് രാജീവ് ഹാജരാകും. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. കേസ് ഇന്ന് അല്ലെങ്കിൽ നാളെ തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടും

രാഹുൽ തത്കാലം കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പുതിയ നീക്കത്തിലൂടെ മനസിലാകുന്നത്. അറസ്റ്റ് തടയാനുള്ള സാധ്യത തേടാനാണ് നീക്കം. ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല. പരാതി നൽകിയത് യഥാർഥ രീതിയിലൂടെയല്ല. യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിന്റെ വാദങ്ങൾ

ഉഭയകക്ഷി സമ്മതപ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധമെന്നും രാഹുൽ ഹർജിയിൽ പറയുന്നു. വർഷങ്ങൾ നീണ്ടുനിന്ന ബന്ധം തകർന്നപ്പോഴാണ് ബലാത്സംഗ കേസായി മാറ്റിയത്. താനൊരു രാഷ്ട്രീയ നേതാവായതു കൊണ്ടാണ് തെരഞ്ഞെടുപ്പ് കാലത്ത് കരിവാരി തേയ്ക്കാൻ ശ്രമിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.