എത്ര കാലം കഴിഞ്ഞാലും മാപ്പ് ഇല്ല; എകെ ആന്റണിക്ക് വൈകിയ വേളയിൽ തിരിച്ചറിവ് വന്നത് നല്ലതെന്ന് സികെ ജാനു
മുത്തങ്ങയിൽ നേരിട്ടത് കൊടിയ മർദനമാണെന്നും എത്രകാലം കഴിഞ്ഞ് മാപ്പ് പറഞ്ഞാലും അതിന് അർഹതയില്ലെന്നും ആദിവാസി നേതാവ് സികെ ജാനു. കുട്ടികൾ അടക്കം ക്രൂരമായ പീഡനത്തിന് വിധേയമായി. വേദന അങ്ങനെ തന്നെ നിലനിൽക്കും. ആദിവാസികൾക്ക് ഇപ്പോഴും ഭൂമി ലഭിച്ചിട്ടില്ല. അതിന് പരിഹാരം ലഭിച്ചാലേ മാപ്പ് നൽകാനാകൂ
ഏകെ ആന്റണിക്ക് വൈകിയ വേളയിലെങ്കിലും തിരിച്ചറിവ് വന്നത് നല്ലതാണെന്നും സികെ ജാനു പറഞ്ഞു. മുത്തങ്ങ സംഭവത്തിൽ ഖേദമുണ്ടെന്ന് ഇന്നലെ എകെ ആന്റണി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സികെ ജാനു. മുത്തങ്ങയിൽ വെടിവെപ്പ് ഒഴിവാക്കാൻ സർക്കാരിന് കഴിയുമായിരുന്നു. അറസ്റ്റ് വരിക്കാൻ എല്ലാവരും തയ്യാറായിരുന്നു. എന്നാൽ അത് ചെയ്യാതെ വെടിവെപ്പിലേക്ക് സർക്കാർ പോയെന്നും ജാനു പ്രതികരിച്ചു
ശിവഗിരി, മുത്തങ്ങ സംഭവങ്ങളിൽ ദുഃഖമുണ്ടെന്നായിരുന്നു എകെ ആന്റണി ഇന്നലെ പറഞ്ഞത്. ആദിവാസികൾക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൊടുത്തത് താനാണ്. ആദിവാസികൾ കുടിൽ കെട്ടിയപ്പോൾ എല്ലാവരും അവരെ ഇറക്കി വിടണമെന്ന് പറഞ്ഞു. പോലീസ് ആക്ഷൻ ഉണ്ടായപ്പോൾ മാധ്യമങ്ങളും ചില രാഷ്ട്രീയ പാർട്ടികളും നിലപാട് മാറ്റിയെന്നും എകെ ആന്റണി ഇന്നലെ പറഞ്ഞു.