എത്ര ബഹളം വെച്ചാലും ജനം കേൾക്കേണ്ടത് കേൾക്കും, കാണേണ്ടത് കാണും: രാഹുൽ മാങ്കൂട്ടത്തിൽ
ജനം പ്രബുദ്ധരാണെന്ന് ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കും. എത്ര മറച്ചാലും അവർ കാണേണ്ടത് കാണുക തന്നെ ചെയ്യുമെന്നും ഫേസ്ബുക്കിൽ രാഹുൽ കുറിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ യുഡിഎഫ് മികച്ച വിജയം നേടിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം
ബലാത്സംഗ കേസിൽ ഒളിവിൽ പോയതിന് ശേഷം ഇതാദ്യമായാണ് രാഹുൽ സമൂഹ മാധ്യമങ്ങളിൽ തിരിച്ചെത്തുന്നത്. മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുൽ പാലക്കാട് വോട്ട് ചെയ്യാൻ എത്തിയിരുന്നു. പാലക്കാട് മണ്ഡലത്തിലെ രാഹുലിന്റെ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചപ്പോൾ വീട് സ്ഥിതി ചെയ്യുന്ന അടൂരിലെ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടു
രാഹുലിന്റെ ഉറ്റ അനുയായിയായ ഫെന്നി നൈനാനും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. അതേസമയം സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണ് ആഞ്ഞടിച്ചത്. ആറ് കോർപറേഷനിൽ നാലും യുഡിഎഫ് ഭരിക്കും. 86 മുൻസിപ്പാലിറ്റികളിൽ 54 എണ്ണവും ഏഴ് ജില്ലാ പഞ്ചായത്തും യുഡിഎഫ് ഭരണത്തിലെത്തി.