ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം ഇല്ല

 

തിരുവനന്തപുരം : പ്ലാസ്റ്റിക് മാലിന്യം ഇനി ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകില്ലെന്നു തീരുമാനം. മൂന്ന് ഇടങ്ങളിലായി കൊച്ചിയിലെ പ്ലാസ്റ്റിക് മാലിന്യം പ്രോസസ് ചെയ്യും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.

ഫ്ലാറ്റുകളിലും വീടുകളിലും ഉറവിട മാലിന്യസംസ്കരണം കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മാലിന്യപ്രശ്നം കൈകാര്യം ചെയ്യാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കും. റസിഡന്‍റ്സ് അസോസിയേഷനുകളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാലിന്യ നിർമാർജനത്തിനായി ഹരിതകർമ്മ സേനയുടെ പ്രവർത്തനം വിപുലീകരിക്കാനും പദ്ധതിയുണ്ട്.

മാലിന്യ സംസ്കരണത്തിനു കൃത്യമായ സംവിധാനം ഉണ്ടാക്കണമെന്നു രാവിലെ കോടതി വ്യക്തമാക്കിയിരുന്നു. മാലിന്യമില്ലാത്ത അന്തരീക്ഷം പൗരന്മാരുടെ അവകാശമാണെന്നും കോടതി പറഞ്ഞു.