{"vars":{"id": "89527:4990"}}

കുറ്റം പറയാൻ ആർക്കും അവകാശമില്ല; ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി ശിവഗിരി മഠം
 

 

ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി ശിവഗിരി മഠം. സംഗമത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും അയ്യപ്പ സംഗമത്തെ കുറ്റം പറയാൻ ആർക്കും അവകാശമില്ലെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. സംഗമത്തിന്റെ ലക്ഷ്യം എന്തെന്ന് പ്രബുദ്ധ ജനതക്ക് മനസ്സിലാകും. ശിവഗിരിയിൽ അന്ന് പരിപാടികൾ ഉള്ളതിനാൽ സംഗമത്തിൽ നേരിട്ട് പങ്കെടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി

20ന് പമ്പയിലാണ് അയ്യപ്പ സംഗമം നടക്കുന്നത്. സംഗമത്തിനെതിരെ നൽകിയ ഹർജികൾ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെ സംഗമത്തിനായുള്ള ഒരുക്കങ്ങൾ ദേവസ്വം ബോർഡ് പൂർത്തിയാക്കുകയാണ്. ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വിഎൻ വാസവന്റെ നേതൃത്വത്തിൽ പമ്പയിൽ അവലോകന യോഗം ചേർന്നു

ശനിയാഴ്ച രാവിലെ 9.30 മണിക്ക് തന്നെ പരിപാടി ആരംഭിക്കും. 10.30ന് പമ്പ തീരത്ത് ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ സെഷനുകൾ പൂർത്തീകരിച്ച സമാപന സമ്മേളനത്തിൽ ക്രോഡീകരിച്ച റിപ്പോർട്ട് അവതരിപ്പിക്കും. നാലുമണിക്ക് ശേഷം സംഗമത്തിന് എത്തുന്ന ഡെലിഗേറ്റുകൾക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.