{"vars":{"id": "89527:4990"}}

പരിപ്പ് വടക്കും കട്ടൻ ചായക്കും ആരും എതിരല്ല; ഇപി ബോധപൂർവം പ്രചാരവേല സൃഷ്ടിക്കില്ലെന്നും ടിപി രാമകൃഷ്ണൻ

 
ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ഇ പി അങ്ങനെ ബോധപൂർവം പ്രചാരവേല സൃഷ്ടിക്കുന്നയാളല്ലെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. ഇ പി പറയാത്ത കാര്യങ്ങൾ ബുക്കിലുണ്ട് എന്ന് പറയുന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രകാശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കാര്യങ്ങൾ വിശദമാക്കേണ്ടത് ഇ പിയാണെന്നും പറഞ്ഞു ഇ പി പറയുന്നതാണോ പ്രസാധകർ പറയുന്നതാണോ വിശ്വസിക്കാൻ കഴിയുക എന്നത് പരിശോധനയിൽ മാത്രമാണ് വ്യക്തമാകു. പരിപ്പുവടക്കും കട്ടൻ ചായയ്ക്കും ആരും എതിരല്ലെന്നും പാർട്ടി തീരുമാനം ആലോചിച്ച ശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എതിരായി ഉയർന്നു വന്നിട്ടുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്ന് ഇപി തന്നെ പറഞ്ഞു. ആത്മകഥ എന്ന നിലയിൽ അദ്ദേഹം ഒരു പുസ്തകം എഴുതുന്നുണ്ട്. അത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ പുസ്തകത്തിൽ വന്നു എന്ന് പറയുന്ന ചില പരാമർശങ്ങൾ അദ്ദേഹത്തിന്റെ ഇതുവരെയുള്ള എഴുത്തിൽ വന്നിട്ടില്ല എന്ന കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കുന്നു. മാനിപ്പുലേറ്റ് ചെയ്ത ഒരു സംഭവമാണിത്. അദ്ദേഹത്തിന്റെ വിശദീകരണത്തോടെ തന്നെ ഇത് അവസാനിക്കേണ്ടതാണ്. പക്ഷേ, നിർഭാഗ്യവശാൽ നമ്മുടെ സംസ്ഥാനത്തെ ചാനലുകൾ ഈ വിഷയം പിന്നെയും തുടരുകയാണ്. ഇത് സദുദ്ദേശത്തോടെയല്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.