അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സ്പീക്കറുടെ ചെയറിന് മുന്നിൽ പ്രതിഷേധവുമായി പ്രതിപക്ഷം
 

 

കെഎസ്ആർടിസിയിൽ തെറ്റായ തൊഴിൽ സംസ്‌കാരത്തിന് തുടക്കമിട്ടതും തൊഴിലാളികൾക്ക് പൂർണ വേതനം നൽകില്ലെന്ന നിലപാടും നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. 

എന്നാൽ സ്പീക്കർ തുടർച്ചയായി പ്രതിപക്ഷ അവകാശം നിഷേധിക്കുകയാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. സഭാ നടപടികളുമായി സഹകരിക്കാനാകില്ല. ഇത് നിയമസഭയാണ്, സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയല്ല. എന്നാൽ പ്രതിപക്ഷ നേതാവ് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. കൃത്യമായ ചട്ടം പറഞ്ഞാണ് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു

എന്നാൽ പൂർണമായ നീതി നിഷേധം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാർ ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിക്കുകയാണ്. ഒരു വിഷയത്തിൽ ചോദ്യം വന്നാൽ ആ വിഷയത്തിൽ അടിയന്തര പ്രമേയം പാടില്ലെന്ന റൂളിംഗ് ശരിയല്ലെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി സ്പീക്കറുടെ ഇരിപ്പടത്തിന് മുന്നിൽ പ്രതിഷേധിച്ചു.