{"vars":{"id": "89527:4990"}}

വെള്ളമില്ല, അമിത ചാർജ് മാത്രം; കേരളത്തിൽ നാല് ലക്ഷം ജൽജീവൻ കണക്ഷനുകൾ ഉപഭോക്താക്കൾ റദ്ദാക്കി

 

തിരുവനന്തപുരം: കേരളത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത കുടിവെള്ള പദ്ധതിയായ 'ജൽജീവൻ മിഷൻ' നടപ്പിലാക്കിയതിൽ ഗുരുതര വീഴ്ചയെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (CAG) റിപ്പോർട്ട്. പദ്ധതി വഴി സംസ്ഥാനത്ത് ആകെ നൽകിയ കണക്ഷനുകളുടെ 20 ശതമാനവും ഉപഭോക്താക്കൾ തന്നെ റദ്ദാക്കിയതായാണ് സിഎജി കണ്ടെത്തൽ. ഏകദേശം നാല് ലക്ഷത്തോളം കണക്ഷനുകളാണ് ഇത്തരത്തിൽ റദ്ദാക്കപ്പെട്ടിരിക്കുന്നത്.

​പൈപ്പുകൾ സ്ഥാപിച്ചെങ്കിലും പലയിടത്തും കൃത്യമായി കുടിവെള്ളം എത്തുന്നില്ലെന്നും, എന്നാൽ ഉപയോഗിക്കാത്ത വെള്ളത്തിന് പോലും അമിത ചാർജ് ഈടാക്കുന്നു എന്നുമാണ് ഉപഭോക്താക്കളുടെ പ്രധാന പരാതി. 'വെള്ളമില്ല, അമിത ചാർജ് മാത്രം' എന്ന അവസ്ഥ വന്നതോടെയാണ് വലിയൊരു വിഭാഗം ജനങ്ങൾ കണക്ഷൻ ഉപേക്ഷിക്കാൻ തയ്യാറായത്.

​പദ്ധതിയുടെ ആസൂത്രണത്തിലും നടത്തിപ്പിലും ജല അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ പാളിച്ചകൾ സംഭവിച്ചതായി സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കൃത്യമായ ജലസ്രോതസ്സുകൾ ഉറപ്പുവരുത്താതെയും വിതരണ ശൃംഖലയിലെ പോരായ്മകൾ പരിഹരിക്കാതെയുമാണ് പലയിടത്തും കണക്ഷനുകൾ നൽകിയത്. കോടിക്കണക്കിന് രൂപ ചിലവഴിച്ച് നടപ്പിലാക്കുന്ന ഒരു ജനക്ഷേമ പദ്ധതിയുടെ ലക്ഷ്യപ്രാപ്തിയെ തന്നെ ബാധിക്കുന്നതാണ് ഇത്രയധികം കണക്ഷനുകൾ റദ്ദാക്കപ്പെട്ട സംഭവം. വ്യക്തമായ പഠനങ്ങൾ നടത്താതെ പദ്ധതി നടപ്പിലാക്കിയതാണ് ഈ തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തൽ.