നൂർബിന റഷീദിന് അർഹമായ പരിഗണന നൽകി; കോഴിക്കോട് സൗത്ത് സീറ്റ് നൽകിയത് അതിന് തെളിവ്: സാദിഖലി തങ്ങൾ
കോഴിക്കോട്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചെന്നാരോപിച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച നൂര്‍ബിന റഷീദിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നൂര്‍ബിന റഷീദിന് എല്ലാ പരിഗണനയും നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ കോട്ടയായ കോഴിക്കോട് സൗത്തില്‍ കഴിഞ്ഞ തവണ നൂര്‍ബീനക്ക് സീറ്റ് നല്‍കി. നൂര്‍ബീനയുടെ രാജിയില്‍ നടപടിയെടുക്കേണ്ടത് അഖിലേന്ത്യ നേതൃതമാണന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
നൂര്‍ബിനയുടെ എല്ലാ വാചകത്തിനും മറുപടിയില്ല.ഫാത്തിമ തഹലിയ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥി. ഹരിതയിലും എംഎസ്എഫിലും പ്രവര്‍ത്തിച്ചയാളാണ് ഫാത്തിമ. ലീഗ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത് എല്ലാവരുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം. പുരുഷന്മാര്‍ എല്ലാം പുരുഷലീഗും വനിതകള്‍ എല്ലാം വനിതാലീഗുമാണ്. വനിതാ ലീഗിലെ രണ്ടു പേരെ സ്ഥാനാര്‍ഥികളായി പരിഗണിച്ചെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ഫാത്തിമ തഹ്ലിയയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ വിമര്‍ശനവുമായി നേരത്തെ നൂര്‍ബിന രംഗത്തെത്തിയിരുന്നു. ഫാത്തിമ തഹ്ലിയയെ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയതാണ്. അവരെല്ലാം സ്ഥിരമായി പാണക്കാട് വീട്ടിലെത്താറുണ്ടായിരുന്നുവെന്ന് മലപ്പുറം ജില്ലയിലെ പലരും തനിക്ക് മെസേജ് അയച്ചു. ഫാത്തിമ തഹ്ലിയ ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാകുമെന്നും നൂര്‍ബിന ആരോപിച്ചു.
'ഒരുവിധത്തിലുള്ള ലൈംഗിക ആരോപണവും ഉന്നയിക്കാനുള്ള അവസരവും ഞങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ മൂന്ന് പെണ്‍കുട്ടികളെത്തി ഒരു സുപ്രഭാതത്തില്‍ ലൈംഗികാരോപണം ഉന്നയിച്ചു. അതിക്രമം നേരിട്ടാല്‍ വീട്ടു വീഴ്ചയില്ലാതെ പോരാടണം. എന്നാല്‍ മടികൂടാതെ ആ കേസ് പിന്‍വലിച്ചു. എവിടെ പോയി ആദര്‍ശം. പുതിയ തലമുറ വഴിതെറ്റാന്‍ പാടില്ല. പുതിയ തലമുറയ്ക്ക് ഒരുനിയമം ഞങ്ങള്‍ക്ക് വേറെ നിയമം എന്നത് പറ്റില്ല', അവര്‍ പറഞ്ഞു
സീറ്റ് കിട്ടാത്തതിലല്ല രാജി. നൂര്‍ബിന റഷീദ് എന്ന വ്യക്തിക്ക് വേണ്ടിയല്ല താന്‍ സംസാരിക്കുന്നതെന്നും കെട്ടിപ്പടുത്തുയര്‍ത്തിയ വനിതാ ലീഗിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും അവര്‍ പറഞ്ഞു. കല്ലും മുള്ളും താണ്ടിയാണ് വനിതാ ലീഗിനെ കെട്ടിപ്പടുത്തത്. ഒഴുക്കിനെതിരെ നീന്തിയ മുസ്ലിം വനിതയാണ് താന്‍. പാണക്കാട് തങ്ങള്‍ ഏല്‍പിച്ച ദൗത്യം പൂര്‍ത്തിയാക്കി. പാര്‍ലമെന്ററി പാര്‍ട്ടി സ്ഥാനം വ്യാമോഹിച്ചല്ല പാര്‍ട്ടിയിലെത്തിയത്. വ്യക്തിക്ക് വേണ്ടിയല്ല, ആദര്‍ശങ്ങള്‍ക്കും നിലപാടിനും വേണ്ടിയാണ് സംസാരിക്കുന്നതെന്നും അവര്‍ പറഞ്ഞു.