{"vars":{"id": "89527:4990"}}

നഴ്‌സുമാർക്ക് സമരം ചെയ്യാൻ അവകാശമില്ല; ജോലി കഴിഞ്ഞു വേണമെങ്കിൽ പ്രതിഷേധിക്കാം: ഹൈക്കോടതി

 

കൊച്ചി: നഴ്‌സിങ് മേഖലയിലെ സമരങ്ങൾക്കെതിരെ സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി. നഴ്‌സുമാർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്നും രോഗികളുടെ ജീവൻ അപകടത്തിലാക്കി സമരത്തിനിറങ്ങാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നഴ്‌സിങ് സേവനങ്ങളെ എന്തുകൊണ്ടാണ് ഇതുവരെ 'അവശ്യ സർവീസായി' (Essential Service) പ്രഖ്യാപിക്കാത്തതെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു.

ശമ്പള വര്‍ധനയ്ക്കായി തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ സമരം ചെയ്യുന്നതിനിടെ നഴ്‌സിങ് ജോലികള്‍ക്ക് നിയോഗിക്കുന്നുവെന്ന് ആരോപിച്ച് യുണൈറ്റഡ് ന്‌സസ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്.

"ഡോക്ടർമാർ, നഴ്‌സുമാർ, അഭിഭാഷകർ തുടങ്ങിയ വിഭാഗങ്ങൾ സമരം ചെയ്യാൻ പാടില്ലാത്ത ഗണത്തിൽ പെടുന്നവരാണ്. അർഹമായ വേതനം ലഭിക്കുന്നില്ലെങ്കിൽ അതിന് മറ്റ് നിയമപരമായ മാർഗങ്ങൾ തേടുകയാണ് വേണ്ടത്. പ്രതിഷേധിക്കണമെന്നുണ്ടെങ്കിൽ ഡ്യൂട്ടി സമയം കഴിഞ്ഞു വേണം സമരം നടത്താൻ." - ഹൈക്കോടതി വ്യക്തമാക്കി.
​നഴ്‌സിങ് സേവനം അവശ്യ സർവീസായി പ്രഖ്യാപിച്ചാൽ നഴ്‌സുമാർക്ക് പിന്നീട് സമരം ചെയ്യാനാകില്ല. നിലവിലെ സമരങ്ങൾ ആശുപത്രികളുടെ പ്രവർത്തനത്തെയും രോഗീ പരിചരണത്തെയും ബാധിക്കുന്ന പശ്ചാത്തലത്തിലാണ് വിഷയത്തിൽ വ്യക്തത വരുത്താൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആശുപത്രികളുടെ കവാടങ്ങൾ ഉപരോധിക്കരുതെന്നും ജോലിക്ക് കയറാൻ താല്പര്യമുള്ള ജീവനക്കാർക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി മുൻപ് നിർദേശിച്ചിരുന്നു.