മാനദണ്ഡങ്ങൾ പാലിക്കാതെ ഉദ്യോഗസ്ഥരെ നീക്കി 'ഇഷ്ടക്കാർക്ക്' നിയമനം; എംജി സർവകലാശാലയിൽ വീണ്ടും വിസിയുടെ നിയമ വിരുദ്ധ ഇടപെടൽ
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഭാഗത്തുനിന്ന് വീണ്ടും ഗുരുതരമായ ചട്ടലംഘനം നടന്നതായി ആക്ഷേപം. സർവകലാശാലയിലെ പ്രധാന ചുമതലകൾ വഹിച്ചിരുന്ന ഉദ്യോഗസ്ഥരെ പൊതുമാനദണ്ഡങ്ങൾ പൂർണമായും കാറ്റിൽപ്പറത്തി തൽസ്ഥാനങ്ങളിൽ നിന്നും നീക്കി. പകരം വിസിയുടെ താൽപ്പര്യപ്രകാരം 'ഇഷ്ടക്കാർക്ക്' സുപ്രധാന തസ്തികകളിൽ നിയമനം നൽകിയെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
സർവകലാശാലയിലെ നിലവിലുള്ള പൊതുഭരണ മാനദണ്ഡങ്ങൾ പ്രകാരം, ഒരു സെക്ഷനിൽ മൂന്ന് വർഷം സേവന കാലാവധി തികച്ച ജീവനക്കാരെ മാത്രമേ സാധാരണയായി സ്ഥലംമാറ്റി നിയമിക്കാറുള്ളൂ. എന്നാൽ ഈ ചട്ടങ്ങളെല്ലാം നോക്കുകുത്തിയാക്കിയാണ് വിസിയുടെ പുതിയ ഇടപെടൽ. കാലാവധി പൂർത്തിയാക്കാത്ത, സുപ്രധാന സെക്ഷനുകളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെപ്പോലും മാനദണ്ഡങ്ങൾ പാലിക്കാതെ ധൃതിപിടിച്ച് മാറ്റുകയായിരുന്നു.
സ്ഥലംമാറ്റപ്പെട്ടവർക്ക് പകരം ഈ തസ്തികകളിലേക്ക് നിയമിച്ചിരിക്കുന്നത് ഭരണനേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നവരെയാണെന്ന ആരോപണം സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളെയും പ്രധാന ഫയൽ നീക്കങ്ങളെയും നിയന്ത്രിക്കുന്ന തന്ത്രപ്രധാനമായ സെക്ഷനുകളിലാണ് ഈ അഴിച്ചുപണി നടന്നിരിക്കുന്നത്. ഇത് സർവകലാശാലയുടെ സുഗമമായ നടത്തിപ്പിനെയും സുതാര്യതയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
മാറ്റിനിയമിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പകരം ഈ സെക്ഷനുകളുടെ തലപ്പത്തേക്ക് കൊണ്ടുവന്നിരിക്കുന്നത് സംഘപരിവാർ അനുകൂല സർവീസ് സംഘടനകളിൽ പെട്ടവരെയാണെന്ന് ആക്ഷേപമുണ്ട്. സർവകലാശാലയുടെ നയപരമായ തീരുമാനങ്ങളെ സ്വാധീനിക്കാൻ കെൽപ്പുള്ള തസ്തികകളിലേക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനാണ് വിസി ചട്ടങ്ങൾ വളച്ചൊടിച്ചത്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് എംജി സർവകലാശാലയിലും നടക്കുന്നതെന്ന വിമർശനവും ഇതോടെ ശക്തമായി.
സർവകലാശാലാ ഭരണനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് മുൻപും സമാനമായ രീതിയിൽ അനധികൃത ഇടപെടലുകൾ ഉണ്ടായതായി ആക്ഷേപമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചട്ടവിരുദ്ധമായ പുതിയ സ്ഥലംമാറ്റ ഉത്തരവും പുറത്തിറങ്ങിയിരിക്കുന്നത്. വിസിയുടെ ഏകപക്ഷീയമായ ഈ നടപടിക്കെതിരെ സർവകലാശാലയിലെ വിവിധ സർവീസ് സംഘടനകളും ജീവനക്കാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഈ നിയമനങ്ങൾ റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം.