പൂച്ച പെറ്റ ഖജനാവിൽ നിന്ന് ഒരു കോടി; സലിം കുമാറിന്റെ സ്മാരകത്തിനെതിരെ മാമുക്കോയയുടെ മകൻ നിസാർ
കോഴിക്കോട്: അന്തരിച്ച പ്രശസ്ത നടൻ സലിം കുമാറിന് സംസ്ഥാന ബജറ്റിൽ സ്മാരകം നിർമ്മിക്കാനായി ഒരു കോടി രൂപ അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ രംഗത്ത്. പൊതുഖജനാവിലെ പണം ഉപയോഗിച്ചല്ല സ്മാരകം പണിയേണ്ടതെന്നും, പിണറായി വിജയനെയും എൽ.ഡി.എഫ് സർക്കാരിനെയും ചീത്തവിളിച്ചതും കോൺഗ്രസുകാരനായതുമാണ് യോഗ്യതയെങ്കിൽ സ്മാരകം പണിയേണ്ടത് കെ.പി.സി.സി ആണെന്നും നിസാർ പറഞ്ഞു.
സർക്കാരിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു നിസാറിന്റെ പ്രതികരണം.
"ഖജനാവ് കാലിയാണെന്നും 'പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്' ആണെന്നും നമ്മളെ പഠിപ്പിച്ചവർ തന്നെയാണ് ഒരു നടന്റെ സ്മാരകത്തിനായി ഒരു കോടി രൂപ ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ദുരന്തബാധിതരായ വയനാട്ടിലെ ജനങ്ങളോട് സർക്കാർ ചെയ്തത് എന്താണെന്ന് ഈ സാഹചര്യത്തിൽ നമ്മൾ ഓർക്കണം."
സലിംകുമാറിനെ ഒരു കലാകാരൻ എന്ന നിലയിൽ തനിക്കും ഏറെ ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും പറഞ്ഞ നിസാർ, എന്നാൽ ഇതിനായി ബജറ്റിൽ തുക വകയിരുത്തി വലിയ കാര്യമായി കൊണ്ടാടേണ്ടതില്ലെന്നും ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ആരോപിച്ചു.
രാഷ്ട്രീയ യോഗ്യതയോ? "തിരഞ്ഞെടുപ്പ് കാലത്ത് കമ്മ്യൂണിസ്റ്റുകാരെയും സർക്കാരിനെയും നന്നായി ചീത്തവിളിച്ചതും കോൺഗ്രസിനെ അനുകൂലിച്ചതുമാണ് സ്മാരകത്തിനുള്ള യോഗ്യതയെങ്കിൽ, അത് എറണാകുളം ഡി.സി.സി.യോ കെ.പി.സി.സി.യോ ഏറ്റെടുത്ത് ചെയ്യണമായിരുന്നു. അവർക്ക് വേണമെങ്കിൽ പത്ത് കോടി വരെ പിരിച്ചെടുത്ത് സ്മാരകം പണിയാം. അല്ലാതെ ഇതിന് പൊതുപണം ഉപയോഗിക്കുന്നത് ശരിയല്ല. ഇനി സ്മാരകം കിട്ടണമെങ്കിൽ കോൺഗ്രസുകാരനാവുകയും എറണാകുളത്ത് പോയി താമസിക്കുകയും വേണോ? ഞാനും നല്ലൊരു കോൺഗ്രസുകാരനാണ്, അങ്ങനെയെങ്കിൽ എനിക്കും സ്മാരകം കിട്ടുമോ?" എന്നും അദ്ദേഹം ചോദിച്ചു.
മാമുക്കോയയ്ക്ക് സ്മാരകമില്ലാത്തതിനെക്കുറിച്ച്: തന്റെ പിതാവ് മാമുക്കോയ മരിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും കോഴിക്കോട് നഗരത്തിൽ ഒരു സ്മാരകം പോലും പണിയാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനും നിസാർ വ്യക്തമായ മറുപടി നൽകി. മരണസമയത്ത് കോർപ്പറേഷൻ അധികൃതരും നേതാക്കളുമൊക്കെ സ്മാരകം പണിയുമെന്ന് പറഞ്ഞിരുന്നു. എന്നാൽ വെറുമൊരു പ്രതിമ പണിയുന്നതിനോട് തനിക്ക് താല്പര്യമില്ല. അത് വെയിലത്തും മഴയത്തും കാക്ക കാഷ്ഠിക്കാന്‍ മാത്രമേ ഉപകരിക്കൂ. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ലൈബ്രറിയോ മറ്റ് സ്ഥാപനങ്ങളോ ഏതെങ്കിലും സിനിമാ സംഘടനകൾ ചെയ്യുകയാണെങ്കിൽ അതിനോട് മാത്രമേ യോജിക്കാനാകൂ എന്നും നിസാർ വ്യക്തമാക്കി.
കലാകാരന്മാരെ ആദരിക്കേണ്ടത് സർക്കാരല്ലെന്നും അതിനായി സിനിമാ മേഖലയിലുള്ളവരുടെ സംഘടനകൾ തന്നെയാണ് മുന്നിട്ടിറങ്ങേണ്ടതെന്നും നിസാർ കൂട്ടിച്ചേർത്തു.