പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്‌പെഷ്യൽ ബാലറ്റുകളിൽ കൃത്രിമം നടന്നോയെന്ന് പരിശോധിക്കാൻ ഉത്തരവ്
 

 

പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്‌പെഷ്യൽ ബാലറ്റുകളിൽ കൃത്രിമം നടന്നോ എന്നറിയാൻ സംയുക്ത പരിശോധന നടത്താൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹൈക്കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള പോസ്റ്റൽ ബാലറ്റുകളാണ് ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ഇരു സ്ഥാനാർഥികളും അഭിഭാഷകരും പരിശോധിക്കുക. അടുത്ത ബുധനാഴ്ച 1.30നായിരിക്കും സംയുക്ത പരിശോധന

കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള ബാലറ്റുകളിൽ കൃത്രിമം ഉണ്ടായോയെന്ന് നേരിട്ട് കണ്ട് പരിശോധിക്കാൻ അവസരം വേണമെന്ന് ഇടത് സ്ഥാനാർഥി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കോടതി ഇടപെടൽ. പോസ്റ്റൽ ബാലറ്റുള്ള ഒരു പെട്ടി നേരത്തെ കാണാതായിരുന്നു. അഞ്ചാം ടേബിളിൽ എണ്ണിയ 482 വോട്ടുകളാണ് കാണാതായതെന്നാണ് സബ് കലക്ടറുടെ റിപ്പോർട്ട്

തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം വിജയിച്ചത്. അപാകതകൾ ചൂണ്ടിക്കാട്ടി 348 സ്‌പെഷ്യൽ തപാൽ വോട്ടുകൾ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പുവെച്ചില്ലെന്ന കാരണത്താലാണ് ഇത് എണ്ണാതിരുന്നത്. ഇതിനെതിരെയാണ് ഇടത് സ്ഥാനാർഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.