മദ്യപിച്ച് വാഹനമോടിച്ചതിൽ കേസെടുത്താൽ ബ്രീത്ത് അനലൈസർ ഒർജിനൽ പ്രിൻ്റ് ഔട്ട് നിർബന്ധം; ഹൈക്കോടതി
Mar 18, 2025, 23:58 IST
എറണാകുളം: മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്താൽ ബ്രീത്ത് അനലൈസറിലെ ഒർജിനൽ പ്രിൻ്റ് ഔട്ട് തെളിവായി നിർബന്ധമെന്ന് ഹൈക്കോടതി. കോടതിക്ക് മുന്നിൽ തെളിവായി പ്രിൻ്റ് ഔട്ട് വേണമെന്നും പൊലീസ് തയ്യാറാക്കുന്ന പകർപ്പ് തെളിവായി സ്വീകരിക്കില്ലെന്നും ജസ്റ്റിസ് വി ജി അരുൺ ഉത്തരവിട്ടു. മദ്യപിച്ചതായി സംശയം തോന്നിയാൽ രണ്ട് മണിക്കൂറിനുള്ളിൽ മെഡിക്കൽ പരിശോധന വേണമെന്ന ചട്ടമടക്കം പാലിക്കപ്പെടണം. കുറ്റാരോപിതൻ മെഡിക്കൽ പരിശോധനയ്ക്ക് തയ്യാറാകാത്ത പക്ഷം ബ്രീത്ത് അനലൈസറിലെ ഒർജിനൽ പ്രിൻ്റൗട്ട് കോടതിയിൽ ഹാജരാക്കി തുടർനടപടിയും സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി ബ്രീത്ത് അനലൈസർ ഒർജിനൽ പ്രിൻ്റൗട്ട് ഹാജരാക്കാതെ പൊലീസ് റിപ്പോർട്ട് മാത്രം സമർപ്പിച്ചാൽ തെളിവായി കണക്കാക്കാനാകില്ലെന്നാണ് കോടതിയുടെ ഉത്തരവ്. മദ്യപിച്ച് വാഹനമോടിച്ചതിന് കണ്ണൂർ സ്വദേശിയ്ക്കെതിരെയെടുത്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഡിജിപി ഇറക്കിയ മാർഗരേഖ പാലിച്ചില്ലെന്നും ബ്രീത്ത് അനലൈസർ ഒർജിനൽ പ്രിൻ്റൗട്ട് ഹാജരാക്കാതെ റിപ്പോർട്ട് മാത്രം സമർപ്പിച്ചത് തെളിവായി സ്വീകരിക്കാനാകില്ലെന്നായിരുന്നു കോടതി നിരീക്ഷണം.