പാലത്തായി പീഡനക്കേസ്: കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് പ്രതി; ശിക്ഷാവിധി മൂന്ന് മണിക്ക്
കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കുറ്റക്കാരനല്ലെന്ന് അധ്യാപകനും ബിജെപി നേതാവുമായ പത്മരാജൻ. പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ശിക്ഷാവിധി സംബന്ധിച്ച അന്തിമ വാദത്തിനിടെയാണ് പത്മരാജൻ താൻ കുറ്റക്കാരനല്ലെന്ന് ആവർത്തിച്ചത്
പ്രതിക്കുള്ള ശിക്ഷ വൈകിട്ട് മൂന്ന് മണിക്ക് തലശ്ശേരി അതിവേഗ പ്രത്യേക കോടതി പ്രഖ്യാപിക്കും. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസിൽ കെ പത്മരാജനെയാണ്(52) കോടതി കുറ്റക്കാരനായി വിധിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പായി പ്രതിയെ ഇന്ന് കോടതിയിൽ എത്തിച്ചിരുന്നു
എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് തന്നെ പോലൊരു നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കാൻ പ്രാർഥിക്കുന്നുവെന്ന് പത്മരാജൻ മറുപടി നൽകി. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നും പ്രായമായ മാതാപിതാക്കളും കുടുംബവും ഉണ്ടെന്ന് പ്രതി മറുപടി നൽകി. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.