പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജന് കോടതി ജാമ്യം അനുവദിച്ചു
കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജന് ജാമ്യം. കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യം. ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഭാഗിക കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പോക്സോ വകുപ്പ് ഉള്‍പ്പെടുത്താതെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ലൈംഗിക പീഡനം നടന്നോയെന്നറിയാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. മാര്‍ച്ച് പതിനേഴിനാണ് പത്മരാജനെതിരെ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കുന്നത്. സ്കൂളിലെ ശുചിമുറിയില്‍ വെച്ച് പത്മരാജന് കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുട്ടി മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യ മൊഴിയും നല്കി.
ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ പത്മരാജനെ ഒരു മാസത്തിന് ശേഷമാണ് പിടികൂടിയത്. ഏപ്രില്‍ 23ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. കുട്ടിയെ അധ്യാപകന് പലതവണ കൈ കൊണ്ടും വടി കൊണ്ടും മര്‍ദിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം ലൈംഗിക പീഡനം നടന്നുവെന്ന് അറിയുന്നതിന് കൂടുതല്‍ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.