പാണക്കാട് മണ്ണിടിച്ചിൽ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി: ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്
മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. നിർമ്മാണ പ്രവൃത്തി നടത്തിയ സ്ഥലം ഉടമയ്ക്ക് നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. മറുപടി ലഭിച്ചശേഷം ബിൽഡിംഗ് പെർമിറ്റ് റദ്ദാക്കുന്നതിൽ തീരുമാനമെടുക്കും.
മണ്ണിടിച്ചിലിൽ ഇന്ന് കൂടുതൽ പരിശോധനകൾ നടക്കും. അപകട സാധ്യതയില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ക്യാമ്പുകളിൽ നിന്ന് ആളുകളെ വീടുകളിലേക്ക് തിരിച്ചെത്തിക്കുകയുള്ളൂ. മഴ മാറാത്തതിനാൽ ഇതുവരെ മണ്ണ് നീക്കം ചെയ്യാൻ ആയിട്ടില്ല. ഇതുവഴിയുള്ള ഗതാഗതവും പൂർണമായി നിരോധിച്ചിരിക്കുകയാണ്. നിർമ്മാണ പ്രവർത്തിക്കുള്ള അനുമതിയുടെ കാലാവധി കഴിഞ്ഞിട്ടും പ്രവർത്തി തുടർന്ന സ്വകാര്യ ഉടമയ്ക്ക് നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകി. ബിൽഡിങ് പെർമിറ്റ് റദ്ദാക്കാനാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നഗരസഭക്ക് നൽകിയ നിർദ്ദേശം.
പാണക്കാട് വേങ്ങര റോഡിലേക്ക് ബിൽഡിംഗ് നിർമാണം നടക്കുന്ന കുന്നിൻ ചെരുവിൽ നിന്നാണ് വൻതോതിൽ മണ്ണിടിഞ്ഞു വീണത്. ആളുകൾ രണ്ടു ഭാഗങ്ങളിലേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി. കൈരളി ടിവി ക്യാമറമാൻ ജയേഷിന് പരിക്കേറ്റു. സമീപത്തുള്ള വീടുകളിൽ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റി. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പാണക്കാട് റോഡിലേക്ക് കുത്തനെയുള്ള ചെരിവിൽ നിന്ന് മണ്ണിടിഞ്ഞു തുടങ്ങിയത്. മണ്ണും കല്ലുകളും റോഡിലേക്ക് പതിച്ചു.
9.30 ഓടെ വലിയ മൺകൂന പൂർണ്ണമായും താഴേക്ക് പതിച്ചത്. മണ്ണിടിച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ് കൈരളി ടിവി ക്യാമറമാൻ ജയേഷ്. മണ്ണിടിഞ്ഞപ്പോൾ പിറകിലേക്ക് ഓടാൻ ശ്രമിച്ചെങ്കിലും മണ്ണ് വന്നു ദേഹത്ത് പതിച്ചു. ചെളിയിൽ വീണു. ചുറ്റും ആളുകൾ ഉണ്ടായതിനാൽ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്താനായി. കൈക്ക് നിസ്സാര പരിക്കേറ്റ ജയേഷ് ആശുപത്രിയിൽ ചികിത്സ തേടി. ഉച്ചയ്ക്ക് 1:45 ഓടെ വീണ്ടും ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായി.
2025 സെപ്റ്റംബർ 26നാണ് ബിൽഡിംഗ് നിർമ്മാണത്തിനുള്ള പെർമിറ്റ് നൽകിയതായി രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. പാറ പൊട്ടിക്കാൻ ജിയോളജി ഡിപ്പാർട്ട്മെൻറ് നൽകിയ അനുമതി ജൂൺ 19 നും മണ്ണെടുക്കാൻ നഗരസഭ നൽകിയ അനുമതി ജൂൺ 20നും കാലാവധി കഴിഞ്ഞിട്ടുണ്ട്. സ്വകാര്യ ഉടമയ്ക്ക് നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകി. ലൈസൻസ് ശ്രദ്ധക്കാൻ ആണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നിർദ്ദേശം. കാലാവധി കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് നഗരസഭ അറിഞ്ഞിട്ടില്ല.
മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് നഗരസഭ പറയുമ്പോഴും അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. മഴ പൂർണ്ണമായും ശമിച്ചാൽ മാത്രമേ മണ്ണ് നീക്കം ചെയ്യാനാവൂ. രണ്ടുദിവസം മുൻപേ ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടെന്ന് നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇടപെടൽ ഉണ്ടായില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. മണ്ണിടിഞ്ഞ ഭാഗത്ത് നിന്ന് അല്പം മാറി സ്വകാര്യ സ്കൂൾ സ്ഥിതി ചെയ്യുന്നുണ്ട്. മലപ്പുറം വേങ്ങര ഭാഗങ്ങളിലേക്ക് മുഴുവൻ സമയവും വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡുമാണ്. മണ്ണിടിഞ്ഞതിന്റെ മറ്റു ഭാഗങ്ങളിൽ ഇനിയും മണ്ണിടിയാനുള്ള സാധ്യതയുണ്ടോ എന്നും പരിശോധിക്കണം.