{"vars":{"id": "89527:4990"}}

തന്റെ യോഗ്യത എന്താണെന്ന് പാർട്ടി സഖാക്കൾക്ക് അറിയാം: ബിനോയ് വിശ്വത്തിന് മറുപടിയുമായി കെഇ ഇസ്മായിൽ
 

 

അച്ചടക്കമെന്നത് അടിമത്തമല്ലെന്നും പാർട്ടി സഖാക്കൾക്ക് തന്നോട് ഇപ്പോഴുമുള്ള സ്‌നേഹം ആലപ്പുഴയിൽ എത്തിയപ്പോൾ ബോധ്യപ്പെട്ടെന്നും സിപിഐ നേതാവ് കെഇ ഇസ്മായിൽ. നേതൃത്വത്തിലല്ല, പാർട്ടി സഖാക്കളിലാണ് വിശ്വസിക്കുന്നത്. സംസ്ഥാന സമ്മേളന വേദിയിൽ ഇരിക്കാൻ യോഗ്യതയില്ലാത്തതു കൊണ്ടാണ് ഇസ്മായിലിനെ ക്ഷണിക്കാത്തത് എന്ന് ബിനോയ് വിശ്വം പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

മനോരമയാണ് കെഇ ഇസ്മായിലിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തനിക്ക് പാർട്ടി വേദിയിൽ ഇരിക്കാൻ യോയഗ്യതയുണ്ടോയെന്ന് പാർട്ടിക്കാർക്കും സഖാക്കൾക്കും ബോധ്യമുണ്ടെന്നും ഇസ്മായിൽ പറഞ്ഞു. സംസ്ഥാന സമ്മേളനത്തിൽ ക്ഷണിതാവ് അല്ലാത്തതിനാൽ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇസ്മായിൽ ആലപ്പുഴയിൽ എത്തിയത്

സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയെ തുടർന്ന് മാർച്ചിൽ കെഇ ഇസ്മായിലിനെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. ഓഗസ്റ്റിൽ സസ്‌പെൻഷൻ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാൻ നേതൃത്വം തയ്യാറായിട്ടില്ല