കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു; കാർ നിർത്താതെ പോയ സിഐക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം എംസി റോഡിൽ കിളിമാനൂരിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ കാർ നിർത്താതെ പോയ പാറശാല എസ് എച്ച് ഒ പി അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തു. ദക്ഷിണമേഖല ഐജി ശ്യാംസുന്ദറാണ് നടപടിയെടുത്ത്. നടപടിക്ക് ശുപാർശ ചെയ്ത് റൂറൽ എസ്പി കെഎസ് സുദർശൻ ഡിഐജിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.
ഡിഐജി അജിത ബീഗം റിപ്പോർട്ട് പരിശോധിച്ച ശേഷം ഐജിക്ക് കൈമാറി. പിന്നാലെയാണ് നടപടി. അതേസമയം അനിൽ കുമാർ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ബംഗളൂരുവിൽ മറ്റൊരു കേസിൽ പ്രതിയെ അന്വേഷിച്ച് പോയ അനിൽ കുമാർ ഇന്നലെ രാവിലെ തിരിച്ചെത്തിയെങ്കിലും സ്‌റ്റേഷനിലോ എസ് പി ഓഫീസിലോ റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഈ മാസം ഏഴിനാണ് ചേണിക്കുഴി മേലേവിള കുന്നിൽ വീട്ടിൽ രാജനെ(59) കാറിടിച്ചത്. ഇടിച്ചിട്ട കാർ നിർത്താതെ പോയി. പരുക്കേറ്റ് ഒരു മണിക്കൂറോളം റോഡിൽ കിടന്ന രാജനെ ആറ് മണിയോടെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. അന്വേഷണത്തിൽ ഇടിച്ച വാഹനം അനിൽ കുമാറിന്റേതാണെന്ന് കണഅടെത്തുകയായിരുന്നു.