മാസപ്പടി കേസിൽ പിണറായി വിജയനും മകളും കുടുങ്ങും; ജയിലിൽ പോകും: ഷോൺ ജോർജ്
മാസപ്പടി കേസിൽ പിണറായി വിജയനും മകളും കുടുങ്ങുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. വീണ വജയനും പിണറായി വിജയനും അറസ്റ്റിലാകുമെന്നും ജയിലിൽ പോകുമെന്നും അദേഹം പറഞ്ഞു. എസ്എഫ്ഐഒ അന്വേഷണത്തിൽ വീണ വിജയൻ മൂന്നാം പ്രതിയാണ്. വീണ വിജയനുമായി ബന്ധപ്പെട്ടവരുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണം. കേസ് പിണറായി വിജയനിലേക്ക് തന്നെ എത്തുമെന്നും ഷോൺ ജോർജ് പറഞ്ഞു.
ഇഡിക്ക് അന്വേഷണമായി ഇനി മുന്നോട്ടുപോകാൻ സാധിക്കുമെന്ന് ഷോൺ ജോർജ് പറഞ്ഞു. പി വി മാത്രമല്ല പണം കൈപ്പറ്റിയ നിരവധി നേതാക്കൾ ഉണ്ട്. ആ നേതാക്കളുടെ ലിസ്റ്റ് പോലും തരാൻ തടസം നിൽക്കുകയാണ്. ആ പേരുകൾ കിട്ടിയാൽ ജനങ്ങൾക്ക് കാര്യങ്ങൾ ബോധ്യപ്പെടുമെന്ന് ഷോൺ പറഞ്ഞു. 1.32 കോടിയിലധികം രൂപ കൈപ്പറ്റിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയാണ് ട്രാൻസാക്ഷൻ നടത്തിയിട്ടുള്ളത്. ഈ ആരോപണങ്ങളിൽ തനിക്കെതിരെ എന്തുകൊണ്ട് പരാതി കൊടുത്തിട്ടില്ലെന്ന് ഷോൺ ജോർജ് ചോദിച്ചു. ധാതുമണൽ മാത്രമല്ല ആറ്റോമിക് മിനറൽസ് വരെ ഇവിടുണ്ട്. അതൊക്കെ ഇവിടെ നിന്നും കടത്തപ്പെട്ട മണലിൽ ഉണ്ട്. രാജ്യസുരക്ഷ വരെ ഈ കേസുകളിൽ ബാധകമാണെന്ന് അദേഹം കൂട്ടിച്ചേർത്തു.
മാസപ്പടിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകളിൽ ഇ.ഡി റെയ്ഡ് തുടരുകയാണ്. മുൻമന്ത്രിയും പിണറായി വിജയന്റെ മകൾ വീണയുടെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസിന്റെയും, സിഎംആർഎല്ലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഉൾപ്പെടെ 12 ഇടത്താണ് ഒരേ സമയം ഇ.ഡിയുടെ പരിശോധന. വീണയേയും കമ്പനി ഡയറക്ടർ ശരൺ എസ് കർത്തയേയും ഇ ഡി ചോദ്യം ചെയ്യുകയാണ്. രാവിലെ ആറിന് തുടങ്ങിയ പരിശോധന ഇപ്പോൾ മൂന്ന് മണിക്കൂർ പിന്നിട്ടു.