പിണറായിയുടെ വിരട്ടലും ഭീഷണിയും മോദി സര്‍ക്കാരിന് മുന്നില്‍ വിലപ്പോകില്ല; കെ സുരേന്ദ്രന്‍

കോട്ടയം: ഡല്ഹിയില് മന്മോഹന്സിങാണ് ഉള്ളതെന്ന് കരുതി പിണറായി വിജയന് പിത്തലാട്ടം കാണിക്കാന് ശ്രമിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന്. വിരട്ടലും ഭീഷണിയും ഫെഡറല് തത്വങ്ങളുടെ പേര് പറഞ്ഞുള്ള
 

കോട്ടയം: ഡല്‍ഹിയില്‍ മന്‍മോഹന്‍സിങാണ് ഉള്ളതെന്ന് കരുതി പിണറായി വിജയന്‍ പിത്തലാട്ടം കാണിക്കാന്‍ ശ്രമിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിരട്ടലും ഭീഷണിയും ഫെഡറല്‍ തത്വങ്ങളുടെ പേര് പറഞ്ഞുള്ള ആക്ഷേപങ്ങളും മോദി സര്‍ക്കാരിന് മുന്നില്‍ വിലപോവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്ന് പറഞ്ഞ പിണറായി വിജയന്‍ സത്യത്തോട് അടുക്കുമ്പോള്‍ പരിഭ്രാന്തനായി സമനില തെറ്റി അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

അന്വേഷണ ഏജന്‍സികള്‍ക്ക് നേരെ ഭീഷണി മുഴക്കുകയാണിപ്പോള്‍. ലൈഫ്മിഷനില്‍ ഒന്നും മറച്ചുവെക്കാനില്ലെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയും ശിവശങ്കറും ചേര്‍ന്നാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ഇടപാടുകളെല്ലാം നടത്തിയത്. കള്ളപ്പണ ഇടപാട് നടന്നിരിക്കുന്നുവെന്ന് വിജിലന്‍സ് പോലും സ്ഥിരീകരിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഫയലുകള്‍ വിളിച്ച് ചോദിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണെന്നാണ് മുഖ്യന്ത്രി പറയുന്നത്. ഫയലുകള്‍ തരില്ലെന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. കസ്റ്റംസില്‍ പാര്‍ട്ടി ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരെ കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് പറയിപ്പിച്ചു. എന്നാല്‍ ശിവശങ്കര്‍ നിരവധി തവണ വിളിച്ചുവെന്ന് ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചു. കൈയൂക്ക് കൊണ്ടും കായികബലം കൊണ്ടും അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.