നിരന്തര പോരാട്ടങ്ങളുടെ സമർപ്പിത ജീവിതം: കെ ആർ ഗൗരിയമ്മക്ക് ആദാരാഞ്ജലികൾ നേർന്ന് മുഖ്യമന്ത്രി

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ ആർ ഗൗരിയമ്മയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീരനായികയായിരുന്നു കെ
 

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ ആർ ഗൗരിയമ്മയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീരനായികയായിരുന്നു കെ ആർ ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

സ്വന്തം ജീവിതത്തെ നാടിൻറെ മോചനത്തിനുള്ള പോരാട്ടത്തിൻറെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ.ആർ. ഗൗരിയമ്മ. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങൾക്കായി സമർപ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അവർ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണ്. ധീരയായ പോരാളിയും സമർത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തിൽ ഒരുമിച്ചു. ആധുനിക കേരളത്തിൻറെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണ്.
നൂറുവർഷം ജീവിക്കാൻ കഴിയുക എന്നത് അപൂർവം പേർക്കു മാത്രം സാധ്യമാവുന്ന ഒന്നാണ്. ഈ ജീവിതഘട്ടത്തിലാകെ ബോധത്തെളിച്ചത്തോടെ കഴിയുക, പരാധീനത്തിലല്ലാതെ കഴിയുക, മറ്റുള്ളവർക്കു സഹായകരമായി കഴിയുക തുടങ്ങിയവയൊക്കെ സാധ്യമാവുന്നതാകട്ടെ അത്യപൂർവം പേർക്കാണ്. ആ അത്യപൂർവം പേരിൽപ്പെടുന്നു കെ ആർ ഗൗരിയമ്മ. ഇങ്ങനെയൊരാൾ നമുക്കുണ്ടായിരുന്നു എന്നതു നമ്മുടെ വലിയ ധന്യതയാണ്. ഗൗരിയമ്മയുടെ കാലത്തു ജീവിക്കാൻ കഴിഞ്ഞു എന്നത് ഏതൊരു മലയാളിയുടെയും അഭിമാനമാണ്.
അനുഭവങ്ങളുടെ അതിസമ്പന്നമായ പശ്ചാത്തലത്തോടെ നമ്മുടെ സാമൂഹ്യജീവിതത്തിനു മാർഗനിർദേശം നൽകാൻ കഴിഞ്ഞ മാതൃകാ വ്യക്തിത്വം എന്നുവേണം ഗൗരിയമ്മയെ വിശേഷിപ്പിക്കാൻ. വിദ്യാർത്ഥി ജീവിതഘട്ടത്തിൽ തന്നെ കർമരംഗത്തേക്കും സമരരംഗത്തേയ്ക്കുമിറങ്ങി. നൂറുവയസ്സു പിന്നിട്ട ഘട്ടത്തിലും ഗൗരിയമ്മ ജനങ്ങൾക്കിടയിൽ തന്നെയുണ്ടായി. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വർത്തമാനകാല രാഷ്ട്രീയഘട്ടവുമായി ബന്ധപ്പെടുത്തുന്ന വിലപ്പെട്ട കണ്ണിയാണ് ഗൗരിയമ്മയിലൂടെ നമുക്ക് നഷ്ടമാകുന്നത്. ധീരതയുടെ പ്രതീകമായാണു ഗൗരിയമ്മയെ കേരളം എന്നും കണ്ടിട്ടുള്ളത്. സർ സി പിയുടെ കാലത്തെ പൊലീസിൻറെ ഭേദ്യം
അനുഭവിക്കേണ്ടി വന്നിട്ടുള്ള അവർക്ക്, സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഘട്ടത്തിലും പൊലീസിൽനിന്ന് ഒട്ടേറെ യാതനാനുഭവങ്ങളുണ്ടായി. ചെറുത്തുനിൽപ്പിൻറെ കരുത്തുറ്റ ധീരബിംബമായി ഗൗരിയമ്മ അങ്ങനെ മാറി. ആ നിലയ്ക്കുള്ള കവിതകൾ പോലും മലയാളത്തിൽ അവരെക്കുറിച്ചുണ്ടായി.
അത്യപൂർവം സ്ത്രീകൾ മാത്രം ഉന്നത വിദ്യാഭ്യാസത്തിനെത്തിയിരുന്ന ഒരു കാലത്ത് നിയമവിദ്യാഭ്യാസം പൂർത്തിയാക്കിയ ഗൗരിയമ്മക്കു വേണമെങ്കിൽ ഔദ്യോഗിക തലത്തിൽ തിളക്കമാർന്ന തലങ്ങളിലേക്കു വളർന്ന് സ്വന്തം ജീവിതം സുരക്ഷിതവും സമ്പന്നവുമാക്കാമായിരുന്നു. ആ വഴിയല്ല, തൻറെ വഴിയെന്ന് അവർ തിരിച്ചറിഞ്ഞു. ജനങ്ങളിലേയ്ക്കിറങ്ങി. ഒളിവിലും തെളിവിലും ത്യാഗപൂർവമായി ജീവിച്ചു.
ഒന്നാം കേരള മന്ത്രിസഭയിൽ തന്നെ അംഗമായി അവർ. കേരള കാർഷിക പരിഷ്‌കരണ നിയമം അടക്കമുള്ള സാമൂഹ്യമാറ്റത്തിൻറെ കൊടുങ്കാറ്റു വിതച്ച ബില്ലുകളുടെ നിയമമാക്കലിൽ ശ്രദ്ധേയമായ പങ്കാണവർ വഹിച്ചത്. രണ്ടാം ഇ എം എസ് മന്ത്രിസഭയിലും ഒന്നും രണ്ടും നായനാർ മന്ത്രിസഭകളിലും അവർ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.
അസാമാന്യ ദൈർഘ്യമുള്ള നിയമസഭാ സാമാജിക ജീവിതമാണ് ഗൗരിയമ്മയുടേത്. 1952-53, 1954-56 ഘട്ടങ്ങളിലെ തിരു-കൊച്ചി നിയമസഭകളിലും കേരള രൂപീകരണത്തോടെ അഞ്ചാമത്തേതൊഴികെ ഒന്നു മുതൽ പതിനൊന്നു വരെയുള്ള നിയമസഭകളിലും അവർ അംഗമായി. മന്ത്രിസഭയിലാകട്ടെ, റവന്യു, വ്യവസായം, കൃഷി, എക്‌സൈസ്, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളിലൊക്കെ മൗലികമായ പരിഷ്‌കാരങ്ങൾ വരുത്താനും തനതായ പദ്ധതികൾ ആവിഷ്‌കരിക്കാനും അവർ ശ്രദ്ധിച്ചു. പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി തുടങ്ങിയ ഒന്നാം തലമുറ കമ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം നിന്നു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് ഗൗരിയമ്മയ്ക്ക്. ആ നിലയ്ക്കു കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവനയാണ് അവർക്കൊപ്പം നിന്നു ഗൗരിയമ്മ നൽകിയത്. സ്ത്രീക്ക് സ്വന്തം മുഖവും വ്യക്തിത്വവുമുണ്ട് എന്ന് കേരള സമൂഹത്തിൽ പൊരുതി സ്ഥാപിച്ച വ്യക്തിയാണു ഗൗരിയമ്മ. അതിന്
അവർക്ക് അക്കാലത്ത് ശക്തിപകർന്നതു കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്.
അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതമാണു ഗൗരിയമ്മ നയിച്ചത്. അതാകട്ടെ, ഈ സമൂഹത്തെ പുരോഗമനോന്മുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. സമൂഹത്തെ ഇനിയും പുരോഗമനപരമായി മുമ്പോട്ടുകൊണ്ടുപോവാനുള്ള നവോത്ഥാന രാഷ്ട്രീയ നീക്കങ്ങളെ ശക്തിപ്പെടുത്തി മുന്നേറുമെന്ന് പ്രതിജ്ഞ ചെയ്യുന്നതാകട്ടെ വിയോഗ വേളയിൽ ഗൗരിയമ്മയ്ക്കുള്ള ആദരാജ്ഞലി.