വിവാഹ ചടങ്ങുകൾക്ക് 50 പേര്‍ വീതം പങ്കെടുക്കാം; വിദ്യാലയങ്ങൾ ജൂലൈക്ക് ശേഷമേ തുറക്കൂവെന്നും മുഖ്യമന്ത്രി

ലോക്ക് ഡൗണിൽ നിന്ന് പുറത്തുകടക്കാനുള്ള നിർദേശം കേന്ദ്രം നൽകിയിട്ടുണ്ടെങ്കിലും ചില കാര്യങ്ങളിൽ നിയന്ത്രണം തുടരാനാണ് സംസ്ഥാനത്തിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി. രോഗവ്യാപന സ്ഥിതി അനുസരിച്ച് മാറ്റം വരുത്തണം. കേസുകൾ
 

ലോക്ക് ഡൗണിൽ നിന്ന് പുറത്തുകടക്കാനുള്ള നിർദേശം കേന്ദ്രം നൽകിയിട്ടുണ്ടെങ്കിലും ചില കാര്യങ്ങളിൽ നിയന്ത്രണം തുടരാനാണ് സംസ്ഥാനത്തിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി. രോഗവ്യാപന സ്ഥിതി അനുസരിച്ച് മാറ്റം വരുത്തണം. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂട്ടംകൂടുന്നത് അനുവദിക്കില്ല. രോഗവ്യാപനം തടയണം. സംഘം ചേരൽ അനുവദിച്ചാൽ റിവേഴ്‌സ് ക്വറന്റൈൻ പരാജയപ്പെടും. പ്രായമുള്ളവർ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് അപകടകരമാകും

ഗുരുവായൂർ ക്ഷേത്രത്തിൽ 50 പേരെന്ന പരിധി വെച്ച് വിവാഹ ചടങ്ങുകൾ അനുവദിക്കും. കല്യാണ മണ്ഡപങ്ങളിലും ഹാളുകളിലും 50 പേർ എന്ന നിലയിൽ വിവാഹത്തിന് മാത്രം അനുവാദം നൽകും. വിദ്യാലയങ്ങൾ ജൂലൈ മാസത്തിന് ശേഷമേ സാധാരണ നിലയിൽ തുറക്കൂ. എട്ടാം തീയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തിൽ കേന്ദ്രത്തെ അഭിപ്രായം അറിയിക്കും

കണ്ടെയ്ൻമെന്റ് സോണിൽ ജൂൺ 30 വരെ പൂർണ ലോക്ക് ഡൗൺ ആയിരിക്കും. സംസ്ഥാനത്തേക്ക് അതിർത്തിക്ക് പുറത്തു നിന്ന് വരുന്നവർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അന്തർ ജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കാം. എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം.

കാറിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷയിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. സിനിമാ ഷൂട്ടിംഗ് സുരക്ഷാ മാനദണ്ഡം പാലിച്ച് നടത്താം. 50 പേരിൽ കൂടുതൽ പാടില്ല. ചാനലുകളിൽ ഇൻഡോർ ഷൂട്ടിംഗിൽ പരമാവധി 25 പേർ മാത്രമേ പാടുള്ളുവെന്നും മുഖ്യമന്ത്രി അറിയിച്ചു