{"vars":{"id": "89527:4990"}}

പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കില്ല; ഔദ്യോഗിക വസതി ഒഴിഞ്ഞ് വാടകവീട്ടിലേക്ക് മാറി

 

തിരുവനന്തപുരം: പിണറായി വിജയന്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞ് വാടക വീട്ടിലേക്ക് മാറി. ബേക്കറി ജംക്‍ഷനിൽ ആർബിഐക്ക് പുറകിൽ വത്സല നഴ്സിങ് ഹോമിനടുത്താണ് വീട് വാടകയ്ക്ക് എടുത്തത്. കേരളത്തിൽ പ്രതിപക്ഷ നേതാവിന് ഔദ്യോഗിക വസതിയായി കന്‍റോൺമെന്‍റ് ഹൗസ് ഉണ്ടായിട്ടും പിണറായി വാടക വീട്ടിലേക്കു മാറിയതോടെ, അദ്ദേഹം പ്രതിപക്ഷ നേതാവാകില്ല എന്ന സൂചനയാണ് ലഭിക്കുന്നത്.

കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത പശ്ചാത്തലത്തിൽ നിലവിൽ കാവൽ മുഖ്യമന്ത്രിയായി അദ്ദേഹം തുടരുകയാണ്. ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് എത്തിയതിനു പിന്നാലെയാണ് വാടക വീട്ടിലേക്കുള്ള മാറ്റം. ക്ലിഫ് ഹൗസിൽനിന്ന് സാധനങ്ങളൊക്കെ പുതിയവീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ എകെജി സെന്‍ററിനു സമീപത്തുള്ള ചിന്ത ഫ്‌ളാറ്റിലേക്കാവും ക്ലിഫ് ഹൗസില്‍നിന്നു പിണറായി മാറുക എന്നതായിരുന്നു നേരത്തേ വ്യക്തമാക്കിയിരുന്നത്.

മുന്‍പ് അവിടെ ഉപയോഗിച്ചിരുന്ന ഫ്‌ളാറ്റ് വൃത്തിയാക്കുകയും ചെയ്തിരുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്കായി പാർട്ടി അനുവദിക്കുന്ന താമസസൗകര്യമാണിത്. എന്നാൽ പുതിയ വീട് വാടകയ്ക്കെടുത്ത് താമസം അതിലേക്ക് മാറ്റുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവാര് എന്നത് സബന്ധിച്ച ചർച്ച പാർട്ടിയിൽ തുടരുന്നുണ്ട്. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുകയാണെങ്കിൽ ഔദ്യോഗിക വസതിയായി ലഭിക്കുന്ന കന്‍റോൺമെന്‍റ്ഹൗസിലേക്ക് മാറിയേക്കും.

നവീകരണത്തിനായി ക്ലിഫ് ഹൗസ് ഉടന്‍ തന്നെ ഒഴിഞ്ഞു കൊടുക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് നിയമസഭയിലേക്കും മറ്റും എത്താന്‍ പാകത്തില്‍ നഗരമധ്യത്തില്‍ തന്നെ വാടകവീട് കണ്ടെത്തിയിരിക്കുന്നത്. ക്ലിഫ് ഹൗസിലെ തന്‍റെ പ്രിയപ്പെട്ട വളർത്തുനായ റോബിയെയും അദ്ദേഹം പുതിയ വീട്ടിലേക്ക് കൊണ്ടുപോകും.