{"vars":{"id": "89527:4990"}}

കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിയുടെ മൂക്കിടിച്ച് തകർത്ത സംഭവം; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു
 

 

കൊല്ലം അഞ്ചാലുംമൂട് സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. കായികാധ്യാപകൻ മുഹമ്മദ് റാഫിയെയാണ് സസ്‌പെൻഡ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടേതാണ് നടപടി. അധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

അഞ്ചാലുംമൂട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിഎൻഎസ് 114, ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിദ്യാർഥിയും സസ്‌പെൻഷനിലാണ്.

സംഘർഷത്തിൽ അധ്യാപകൻ വിദ്യാർഥിയുടെ മൂക്കിടിച്ച് തകർക്കുകയായിരുന്നു. തലയ്ക്കും പരിക്കേറ്റിരുന്നു. അധ്യാപകനും പരിക്കേറ്റിരുന്നു. വിദ്യാർഥി മറ്റൊരു പെൺകുട്ടിയെ തെറി വിളിച്ചത് ചോദ്യം ചെയ്തതാണ് സംഘട്ടനത്തിന് കാരണമായതെന്നാണ് പ്രിൻസിപ്പാൾ പ്രതികരിച്ചത്.