പിഎംശ്രീ പദ്ധതി: തുടർനടപടികൾ നിശ്ചയിക്കാൻ മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് പിഎംശ്രീ (പി.എം. സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ നിയമസഭാ സമ്മേളനത്തിന് ശേഷം വൈകിട്ട് നാല് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ, നിബന്ധനകൾ എന്നിവ വിശദമായി പരിശോധിക്കാനാണ് കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭായോഗം പ്രത്യേക ഉപസമിതിക്ക് രൂപം നൽകിയത്. കരിക്കുലത്തിലും പദ്ധതിക്കായി തിരഞ്ഞെടുക്കുന്ന സ്കൂളുകളുടെ കാര്യത്തിലും കേന്ദ്ര ഇടപെടലുകൾ ഒഴിവാക്കിക്കൊണ്ട് എങ്ങനെ മുന്നോട്ട് പോകാം എന്നതായിരിക്കും സമിതി പ്രധാനമായും പരിശോധിക്കുക.
പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കൺവീനറായ സമിതിയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് മറ്റ് അംഗങ്ങൾ. ഉപസമിതി സമർപ്പിക്കുന്ന വിശദമായ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കുക.