{"vars":{"id": "89527:4990"}}

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

 

തിരുവനന്തപുരം: പിഎം ശ്രീയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംഘപരിവാറിന്റെ കാവിവല്‍ക്കരണ അജണ്ടകള്‍ക്ക് മുന്നില്‍ യുഡിഎഫ് സര്‍ക്കാര്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന കാഴ്ചയാണ് യുഡിഎഫ് മുന്നണി യോഗത്തിലുണ്ടായതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ പറഞ്ഞ നിലപാടുകളെല്ലാം കാറ്റില്‍പ്പറത്തി, പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം വസ്തുതകള്‍ക്കു നിരക്കാത്തതാണെന്ന് ഏറ്റവും പുതിയ പാര്‍ലമെന്റ് രേഖകള്‍ തന്നെ തെളിയിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിന്മാറാമെന്നും അതിലൂടെ ആ പദ്ധതിയുടെ വിഹിതം മാത്രമാണ് നഷ്ടപ്പെടുകയെന്നും മുസ്‌ലിം ലീഗ് എംപി പി വി അബ്ദുള്‍ വഹാബിന്റെ രാജ്യസഭാ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ട്. രാജ്യസഭയിലെ കോണ്‍ഗ്രസ് എംപി ജെബി മേത്തറിന്റെ മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിലാണ് പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കുകയോ അതിനായി ഒരു രൂപ പോലും കേന്ദ്രത്തില്‍ നിന്ന് കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. നിയമപരമായ യാതൊരു നിര്‍ബന്ധവുമില്ലാതിരുന്നിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ യുഡിഎഫ് കാണിക്കുന്ന അമിതാവേശം സംഘപരിവാറിനെ പ്രീതിപ്പെടുത്താന്‍ മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസിന്റെ വര്‍ഗീയ സിലബസിന് മുന്നില്‍ മുട്ടുമടക്കാതെ കാത്തുസൂക്ഷിച്ച കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ യുഡിഎഫ് ഇപ്പോള്‍ ഒറ്റുകൊടുക്കുകയാണ്. ഈ വഞ്ചനാപരമായ നിലപാടിനെ തുറന്നുകാട്ടാന്‍ കേരളീയ പൊതുസമൂഹം മുന്നോട്ടുവരണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.