{"vars":{"id": "89527:4990"}}

സംഘപരിവാർ ആക്രമണങ്ങളേക്കാളും ഭയപ്പെടുത്തുന്നത് പ്രധാനമന്ത്രിയുടെ നിശബ്ദതയാണ്: വിമർശനവുമായി ദീപിക
 

 

ക്രിസ്മസിന് ക്രൈസ്തവർക്കെതിരെ ഉണ്ടായ ആക്രമണങ്ങളിൽ വിമർശനവുമായി സിറോ മലബാർ സഭയുടെ ഉടമസ്ഥതയിലുള്ള ദീപിക ദിനപത്രം. വർഗീയവാദികൾ അഴിച്ചുവിട്ട ആക്രമണങ്ങൾ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങൾക്കും എതിരെയാണ്. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം പുതിയതല്ലെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു

തടയപ്പെടേണ്ടതിനെയെല്ലാം ഭരണകൂടം പിൻവാതിൽ പ്രവേശനം നൽകുന്നു. മത വർഗീയവാദികൾ അഴിച്ചുവിട്ട ആക്രമണങ്ങൾ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങൾക്കും എതിരെയാണ്. ഗോൾവാൾക്കർ മുതൽ മോഹൻ ഭാഗവത് വരെ ഹിന്ദു രാഷ്ട്രത്തിനു വേണ്ടി പ്രസംഗിച്ചു. എന്നിട്ടും അത് ലക്ഷ്യം കാണാതെ പോയത് ഭരണഘടന കോട്ട പോലെ കവചം ഒരുക്കിയത് കൊണ്ടാണെന്ന് ദീപികയിൽ പറയുന്നു. 

ആ കോട്ടയുടെ കാവൽക്കാർ ആകേണ്ടിയിരുന്ന ഭരണകൂടത്തിന്റെ നിശബ്ദതയാണ് നടക്കുന്നത്. പുറത്ത് ക്രിസ്തുമസ് അലങ്കോലമാക്കുമ്പോൾ പ്രധാനമന്ത്രി പള്ളിക്കുള്ളിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്നു. ഇതെല്ലാം രാജ്യത്തെ പൗരന്മാരെ കാണിക്കാൻ അല്ല. മറ്റു രാജ്യങ്ങളെ കാണിക്കാൻ ആണ്. അല്ലെങ്കിൽ ആക്രമണങ്ങളെ അപലപിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുമായിരുന്നു. സംഘപരിവാർ ആക്രമണങ്ങളേക്കാൾ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നത് ഈ നിശബ്ദതയാണെന്നും മുഖപ്രസംഗം വിമർശിക്കുന്നു.